മലയാളത്തിലെ ക്ലാസിക് സിനിമകളിൽ പ്രേക്ഷകർ ഇന്നും ഹൃദയത്തോട് ചേർത്ത് വയ്ക്കുന്ന ചിത്രമാണ് മണിച്ചിത്രത്താഴ്.... അതിലെ കഥാപാത്രങ്ങളാവട്ടെ പാട്ടുകളാവട്ടെ എന്തിന് ലൊക്കേഷൻ പോലും കാണാപ്പാഠമാണ് പ്രേക്ഷകർക്ക്....
നാഗവല്ലി ഇന്നും മലയാളികളുടെ ഇഷ്ട കഥാപാത്രമാണ്. ചടുല- ലാസ്യ ഭാവത്തിൽ രാമനാഥനൊപ്പം നൃത്തം ചെയ്യുന്ന നാഗവല്ലി മായാ സ്വപ്നം പോലെ നമ്മുടെ മനസുകളിലുണ്ട്.
തഞ്ചാവൂരിൽ നിന്നും വന്ന ഭരതനാട്യ നർത്തകി നാഗവല്ലിയുടെയും രാമനാഥന്റെയും വേര്‍പ്പെട്ടുപോയ പ്രണയത്തെ പുതിയ കാലത്ത് അവതരിപ്പിക്കുകയാണ് മിഥ്യ എന്ന മ്യൂസിക്കൽ ഷോർട് ഫിലിമിലൂടെ സംവിധായകൻ ഗൗതം പ്രദീപ്.
മണിച്ചിത്രത്താഴ് എന്ന സിനിമയോട് തോന്നിയ ആരാധനയിൽ ചെയ്ത ചെറിയ വർക്കാണ് മിഥ്യയെന്ന് സംവിധായകൻ ഗൗതം പ്രദീപ് പറഞ്ഞു. സിനിമ,സീരിയൽ താരം സുർജിത് പുരോഹിതും ഘനശ്രീയുമാണ് പ്രധാന വേഷത്തിലെത്തിയിരിക്കുന്നത്. ഐഡിയ സ്റ്റാർ സിംഗർ 2008 വിന്നർ
സോണിയ ആമോദാണ് ഗാനം ആലപിച്ചിരിക്കുന്നത്. സംഗീതം സിബു സുകുമാരൻ, റിനീഷ് വിജയാണ് ക്യാമറ ചെയ്തിരിക്കുന്നത്. മണിച്ചിത്രത്താഴിൻ്റെ സംവിധായകൻ ഫാസിലിൻ്റെ അനുഗ്രഹത്തോടെയാണ് മിഥ്യ യൂട്യൂബിൽ റിലീസ് ചെയ്തത്. സംഗീതത്തിനും ദൃശ്യഭംഗിക്കും ഒരുപോലെ പ്രധാന്യം നൽകിയിട്ടുള്ള മിഥ്യ മികച്ച അഭിപ്രായങ്ങളോടെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
0 അഭിപ്രായങ്ങള്‍