ധോണിയും റെയ്നയും അന്തരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു.
ശനിയാഴ്ച വൈകീട്ട് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി. ധോനി വിരമിക്കൽ പ്രഖ്യാപനം നടത്തി മിനിറ്റുകൾക്കകം സഹതാരമായ സുരേഷ് റെയ്നയും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇൻസ്റ്റഗ്രാമിലൂടെ തന്നെയാണ് റെയ്നയുടേയും വിരമിക്കൽ പ്രഖ്യാപനം.
ഐ.സി.സിയുടെ മൂന്ന് പ്രധാന ട്രോഫികളും നേടിയ ഏക ക്യാപ്റ്റനാണ് ധോനി. 28 വർഷത്തെ കാത്തിരിപ്പിനു ശേഷം ഇന്ത്യയ്ക്ക് ലോകകപ്പ് നേടിത്തന്നതും ധോനി തന്നെ. 2007-ലെ പ്രഥമ ട്വന്റി-20 ലോകകപ്പും ധോനിയുടെ നായകത്വത്തിലാണ് ഇന്ത്യ നേടിയത്. 2013-ലെ ഐ.സി.സി ചാമ്പ്യൻസ് ട്രോഫിയും ഇന്ത്യക്ക് നേടിത്തന്നു. 2004-ൽ ബംഗ്ലാദേശിനെതിരേ അരങ്ങേറ്റം കുറിച്ച ധോനി പിന്നീട് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റൻമാരുടെ നിരയിലേക്ക് വളർന്നു. 350 ഏകദിനങ്ങൾ കളിച്ച അദ്ദേഹം 50.57 ശരാശരിയിൽ 10773 റൺ നേടിയിട്ടുണ്ട്.
226 ഏകദിനങ്ങളിൽ നിന്നായി 35.31 ശരാശരിയിൽ 5615 റൺസ് നേടിയിട്ടുള്ള റെയ്‌ന 78 ട്വന്റി-20 മത്സരങ്ങളിൽ നിന്ന് 1605 റൺസ് നേടിയിട്ടുണ്ട്.
അടുത്ത മാസം യുഎഇയിൽ നടക്കുന്ന ഐപിഎല്ലിൽ ധോനിയും റെയ്നയും ചെന്നൈ സൂപ്പർ കിങ്സിനായി കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
0 അഭിപ്രായങ്ങള്‍