ആശങ്കകൾ അഴിയാതെ ഇ. ഐ. എ.

 പ്രകൃതിദുരന്തങ്ങളും വ്യാവസായിക അപകടങ്ങളും ആവർത്തിക്കുമ്പോൾ കേന്ദ്രസർക്കാരിന്റെ കരട് പരിസ്ഥിതി ആഘാത വിലയിരുത്തൽ വിജ്ഞാപന(ഇ.ഐ.എ. നോട്ടിഫിക്കേഷൻ-2020)ത്തിൽ ആശങ്കൾ ഒഴിയുന്നില്ല. ഖനികൾ, ജലസേചന പദ്ധതികൾ, വ്യവസായ യൂണിറ്റുകൾ, വലിയ കെട്ടിടസമുച്ചയങ്ങൾ, ദേശീയപാത, മാലിന്യസംസ്കരണ പ്ലാന്റുകൾ എന്നിവ നിർമിക്കുന്നതിനു മുന്നോടിയായുള്ള ജനാഭിപ്രായം കേൾക്കലിൽ നിന്ന്  കുറേയേറെ പദ്ധതികളെ ഒഴിവാക്കിയുള്ള ഈ  കരട് വിജ്ഞാപനത്തിന്റെ പുതിയ കരടിൽ ജനങ്ങൾക്ക് നിർദേശങ്ങൾ eia2020-moefcc@gov.in എന്ന ഇമെയിൽ ഐഡിയിൽ ചൊവ്വാഴ്ച്ച വരെ സമർപ്പിക്കാം. 


നിർമ്മാണങ്ങളുടെ പരിസ്ഥിതി ആഘാത പഠനത്തെ കുറിച്ച് പഠിക്കുവാനുള്ള ഈ കരടിൽ 2016-ലെ വിജ്ഞാപനം റദ്ദാക്കിയിട്ടുണ്ട്. ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട പദ്ധതികളെക്കുറിച്ചുള്ള ഒരുവിവരവും ജനത്തിനു നൽകേണ്ടതില്ലെന്നാണ് പുതിയ വിജ്ഞാപനത്തിലെ വ്യവസ്ഥ.ഒപ്പം കടലിലെയും കരയിലെയും എണ്ണ, പ്രകൃതിവാതക പര്യവേക്ഷണം, 25 മെഗാവാട്ടിൽ താഴെയുള്ള ജലവൈദ്യുത പദ്ധതികൾ, ചെറുതും ഇടത്തരവുമായ ധാതുഖനികൾ, ചെറിയ ഫർണസ് യൂണിറ്റുകൾ, ചെറുകിട സിമന്റ് ഫാക്ടറികളും ആസിഡ്-ചായം നിർമാണ ഫാക്ടറികളും 25-100 കിലോമീറ്ററിനിടയ്ക്കുള്ള ദേശീയപാത വികസനം തുടങ്ങിയവയെ ജനാഭിപ്രായത്തിൽ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. 


പരിസ്ഥിതി ആഘാതപഠനം വഴിയുള്ള അനുമതികിട്ടാതെ പദ്ധതികൾ തുടങ്ങാനും പിന്നീട് അതു നേടാനും വികസിപ്പിക്കാനുമുള്ള വ്യവസ്ഥകൾ നിറഞ്ഞ ഇത് നിയമവിരുദ്ധമാണെന്ന് 2020 ഏപ്രിൽ ഒന്നിന്  സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.


വിശാഖപട്ടണത്ത് എൽ.ജി. പോളിമേഴ്സിൽ നടന്ന ദുരന്തത്തെത്തുടർന്ന് അന്വേഷണം നടത്തിയതിൽ കമ്പനിക്ക് പുതുക്കിയ പാരിസ്ഥിതികാനുമതി ഉണ്ടായിരുന്നില്ലെന്ന് ദേശീയ പരിസ്ഥിതിമന്ത്രാലയം തന്നെ ഹരിത ട്രിബ്യൂണലിൽ വ്യക്തമാക്കിയിരുന്നു. പരിസ്ഥിതി ആഘാതം വരുത്തുന്ന പദ്ധതികൾ നടത്തുന്നവർ പരിസ്ഥിതി ആഘാതം സംബന്ധിച്ച് ഗവണ്മെന്റിനു കൊടുക്കേണ്ട റിപ്പോർട്ട് ഈ കരട് വഴി വർഷത്തിൽ ഒന്നായി കുറച്ചിട്ടുണ്ട്. എന്നാൽ ഇത് പരിസ്ഥിതിയുടെ ആഘാതം പൂർണമായി മനസിലാക്കാൻ പോരുന്നതല്ല. 

നിർമാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഇളവ് 2016-ലെ വിജ്ഞാപനത്തിൽ കൊണ്ടുവന്നിരുന്നെങ്കിലും ദേശീയ ഹരിത ട്രിബ്യൂണൽ ഇത് റദ്ദാക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍