വിമാന ദുരന്തം: കൺട്രോൾ റൂം പ്രവർത്തനങ്ങളിൽ പ്രശംസ നേടി കാസറഗോഡ് സ്വദേശി രഞ്ജിന മേരി IFS



 ബദിയടുക്ക : ഓഗസ്റ്റ് ഏഴാം തീയതി കരിപ്പൂർ വിമാന ദുരന്തത്തിൽ ഡൽഹി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ ദുരന്ത നിവാരണ  പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ തുടങ്ങിയ കൺട്രോൾറൂമിൽ സഹായിച്ചവരിൽ  മലയാളിയായ കാസർഗോഡ് ബദിയടുക്ക സ്വദേശി രഞ്ജന മേരി വർഗീസ് IFS ഉം ഉണ്ടായിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ പരിശീലനത്തിൽ ഏർപ്പെട്ടിരുന്ന ഇവർ, കരിപ്പൂർ വിമാന ദുരന്തം അറിഞ്ഞ ഉടനെ  വിദേശ കാര്യാലയത്തിന്റെ  നിർദ്ദേശമനുസരിച്ച് ഈ ദൗത്യം സ്വമേധയാ ഏറ്റെടുക്കുകയായിരുന്നു. വളരെ പെട്ടെന്ന് കിട്ടിയ ഈ ദൗത്യം ഏറ്റെടുക്കുകയും അവസരോചിതമായ  ഇടപെടലിലൂടെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തെ സഹായിക്കുകയും ചെയ്ത ഇവരുടെ പ്രവർത്തനങ്ങളെ മന്ത്രാലയം സെക്രട്ടറി അനുമോദിച്ചു. 

ഡൽഹിയിൽ വിദേശകാര്യ മന്ത്രാലയത്തിന് കീഴിൽ തുടർ പരിശീലനത്തിനായി  വിദേശത്തേക്ക് പോകാനൊരുങ്ങുകയാണ് ഇവർ. 
തലശ്ശേരി അതി രൂപതയിലെ ബദിയടുക്ക ഇടവകാംഗമായ വീരളശ്ശേരിൽ വർഗീസ് - തെരേസ ദമ്പതികളുടെ മൂത്ത മകളാണ് രഞ്ജിന മേരി. 2019ലെ സിവിൽ സർവീസ് പരീക്ഷയിൽ ആദ്യ 50 റാങ്കിൽ സ്ഥാനംപിടിച്ച്  കാസർഗോഡിന് അഭിമാനമായി തീർന്നിരിക്കുകയാണ്. ദുരന്തങ്ങളുടെ നടുവിലും തന്റെ നാടിനെ ഉചിതമായ സമയത്ത് സഹായിക്കാൻ സാധിച്ചത് തന്റെയും  കൂടെ ഉള്ളവരുടെയും  ജീവിതത്തിലെ വലിയ ദൈവാനുഭവ നിമിഷമായിരുന്നു എന്ന് രഞ്ജിനമേരി അഭിപ്രായപ്പെട്ടു. ഇത്  നാടിനോടുള്ള തന്റെ കടമയാണെന്നും ഇനിയും വളരെയേറെ കാര്യങ്ങൾ നാടിന്റെ നന്മയ്ക്കുവേണ്ടി തനിക്ക് ചെയ്യാൻ ഉണ്ടെന്നും ബദിയടുക്ക ഇടവക KCYM-SMYM പ്രവർത്തികയായ   രഞ്ജിനമേരി IFS അഭിപ്രായപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍