72 ദിവസം ആശുപത്രിയിൽ കഴിഞ്ഞ കോവിഡ് രോഗി സുഖമായി വീട്ടിലേക്ക് മടങ്ങി, കേരളത്തിന് ഇത് അഭിമാനനിമിഷം ഒപ്പം ആദരവും



കൊല്ലം പാരിപ്പള്ളിമെഡിക്കല്‍കോളജിനും കേരളത്തിന്റെ ആരോഗ്യ രംഗത്തിനും എടുത്തുപറയാവുന്ന നേട്ടം സമ്മാനിച്ചു ടൈറ്റസ് ജീവിതത്തിലേക്ക് തിരിച്ചു വന്നു. ശാസ്താംകോട്ട സ്വദേശിയായ ഈ മല്‍സ്യ വില്‍പനക്കാരന്‍ 72 ദിവസത്തെ ആശുപത്രിവാസത്തിനുശേഷം ആരോഗ്യം വീണ്ടെടുത്ത് വീട്ടിലേക്ക് മടങ്ങി. 


ജൂലൈ ആറിന് കൊറോണ സ്ഥിരീകരിച്ച് ശ്വാസകോശവിഭാഗത്തിലെ ഐസിയുവില്‍ പ്രവേശിപ്പിച്ച ടൈറ്റസിന് ഉടന്‍തന്നെ വെന്‍ട്രിലേറ്റര്‍ നല്‍കുകയായിരുന്നു. 43ദിവസക്കാലം വെന്‍ട്രിലേറ്ററില്‍ തുടരേണ്ടിവന്നു. 20ദിവസത്തോളം ബോധമില്ലാത്ത നിലയിലായിരുന്നു. രണ്ട് തവണ പ്‌ളാസ്മ തെറാപ്പി ചികില്‍സയും നടന്നു. കോവിഡ് ബാധയില്‍ ആന്തരികാവയവങ്ങള്‍ പലതും പ്രവര്‍ത്തനരഹിതമാവുകയും കിഡ്‌നിയുടെ പ്രവര്‍ത്തനം തകരാറിലായി നിരന്തരം ഡയാലിസിസിന് വിധേയനാകേണ്ടിയും വന്നു. നിരന്തരം ഡയാലിസിസിന് ആയി പ്രത്യക ഡയാലിസിസ് യന്ത്രം ഐസിയുവില്‍ സ്ഥാപിച്ചിരുന്നു. കോവിഡ് നെഗറ്റീവ് ആയെങ്കിലും അവശനിലയിലായിരുന്നു ഇദ്ദേഹം.


മെഡിസിന്‍ശ്വാസകോശവിഭാഗം,അനസ്‌തേഷ്യ, ഇഎന്‍ടി,ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ തുടങ്ങി വിവിധ വകുപ്പുകളിലെ തലവന്മാരുടെ നേതൃത്വത്തില്‍ നിരന്തരമായ പരിശോധനകളുടെയും  പതിനായിരക്കണക്കിന് രൂപ ചിലവിട്ടുള്ള ചികില്‍സയുടെയും ഓഗസ്റ്റ് 16ന് വെന്‍ട്രിലേറ്ററില്‍നിന്നും പൂര്‍ണമായും മാറ്റി. എങ്കിലും അവശതയിലായിരുന്ന അദ്ദേഹത്തിന്  ഫിസിയോ തെറാപ്പിയിലൂടെ ചലനശേഷിയും സംസാരശേഷിയും വീണ്ടെടുത്തു.


ആശുപത്രി അധികൃതരും ജീവനക്കാരും പുഷ്പ മാലകളോടെയാണ് ടൈറ്റസിനെ മടക്കിയത്. ശാസ്താംകോട്ട ആഞ്ഞിലിമൂട് പള്ളിശേരിക്കലാണ് താമസമെങ്കിലും ആശുപത്രിയില്‍ നിന്നു മരുമകന്റെ ചവറ പുതുക്കാട്ടെ വസതിയിലേക്കാണ് എത്തിച്ചത്. 

 പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓരോ ജീവനക്കാർക്കും നന്ദി പറഞ്ഞ് ടൈറ്റസ് തിരികെ മടങ്ങി. ഏകദേശം 32 ലക്ഷം രൂപയാണ് ടൈറ്റസിന്റെ ചികിത്സയ്ക്കായി സർക്കാർ ചെലവിട്ടത്.


റെഡ് റിബ്ബൻ മീഡിയ വേൾഡിന്റെ വാർത്തകളും ലേഖനങ്ങളും നേരിട്ട് ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍