യു.എസ് ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ വിക്ടോറിയ അസരങ്കയും നവോമി ഒസാക്കയും ഏറ്റുമുട്ടും. സെമിയിൽ വിക്ടോറിയ അസരങ്കയാണ് 24-ാം ഗ്രാൻസ്ലാം കിരീടമെന്ന ചരിത്ര നേട്ടം സ്വന്തമാക്കാനിറങ്ങിയ സെറീനയുടെ സ്വപ്നങ്ങൾ തകർത്തത്. സ്കോർ: 1-6, 6-3, 6-3.
ടൂർണമെന്റിൽ ഇതുവരെ ഒരു സെറ്റ് പോലും തോൽക്കാതെ സെമിയിലെത്തിയ അമേരിക്കയുടെ ജെന്നിഫർ ബ്രാഡി ഉയർത്തിയ വെല്ലുവിളി മറികടന്നാണ് ജപ്പാന്റെ നവോമി ഒസാക്ക ഫൈനലിലെത്തിയത്. സ്കോർ: 7-6 (1), 3-6, 6-3. ജെന്നിഫർ ബ്രാഡിക്കെതിരേ രണ്ടു തവണ ഗ്രാൻഡ്സ്ലാം ജേതാവായ ഒസാക്ക നന്നായി വിയർത്തു എന്ന് മാത്രം.
രണ്ടാം സെറ്റ് നഷ്ടമായതിനു പിന്നാലെ സെറീനയെ ഇടത് കണങ്കാലിലെ പരിക്ക് അലട്ടാൻ തുടങ്ങിയതോടെ വീണ് കിട്ടിയ ആനുകൂല്യം മുതലാക്കി അസരങ്ക മൂന്നാം സെറ്റും സ്വന്തമാക്കി ഫൈനൽ ബർത്ത് ഉറപ്പിച്ചു. കഴിഞ്ഞ രണ്ടു തവണയും സെറീന വില്യംസിനോട് ഫൈനലിൽ പരാജയപ്പെട്ട അസരങ്ക ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ശനിയാഴ്ച ഇറങ്ങുന്നത്.
0 അഭിപ്രായങ്ങള്‍