എസ് പി ബാലസുബ്രമണ്യത്തിന് കണ്ണീരോടെ വിട



കോവിഡ് ബാധിച്ചതിനെ തുടർന്ന് ഒരുമാസമായി ചികിത്സയിലായിരുന്ന പ്രശസ്ത ഗായകന്‍ എസ്.പി.ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ഏഴിന് എസ്.പി.ബിയുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും ഹൃദയവും ശ്വാസകോശവും സ്വയം പ്രവര്‍ത്തിക്കാന്‍ കഴിയാത്തവിധം ദുര്‍ബലമായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഓഗസ്റ്റ് അ‍ഞ്ചാം തിയ്യതി ആശുപത്രിയില്‍ പ്രവേശിപ്പിച്ച എസ്.പിബിയെ എട്ടാം തിയ്യതിയാണ് വെന്റിലേറ്ററിലേക്കു മാറ്റിയത്.


സംഗീതം പഠിക്കാത്ത എസ്.പി. ബാലസുബ്രഹ്മണ്യം എല്ലാഭാഷകളിലുമായി  നാല്‍പ്പതിനായിരത്തിലേറെ പാട്ടുകൾ  റെക്കോഡ് ചെയ്തിട്ടുണ്ട്. ശങ്കരാഭരണം എന്ന തെലുങ്ക് ചിത്രത്തിനുവേണ്ടി കെ.വി മഹാദേവന്‍ ചിട്ടപ്പെടുത്തിയ ഗാനത്തിലൂടെ എസ്.പി.ബി ഇന്ത്യന്‍ സിനിമാസംഗീത ലോകത്തിൽ അനിഷേധ്യനാവുകയായിരുന്നു.


ആന്ധ്രപ്രദേശിലെ നെല്ലൂരില്‍ 1946 ല്‍ ജനിച്ച എസ്.പി. ബാലസുബ്രഹ്മണ്യം ബാല്യത്തിലെ ഹരികഥാകലാകാരനായി. എന്‍ജിനീയറിങ് പഠനത്തിനായി ചെന്നൈയിലെത്തിയ അദ്ദേഹം അകമ്പടിക്കാരായ സാക്ഷാല്‍ ഇളയരാജയും ഗംഗൈ അമരനും കാരണം തമിഴ് സിനിമ സംഗീത ലോകത്തും കാല് വെച്ചു. എസ്.പി.ബിക്ക് തമിഴ് പാട്ടിന് ആദ്യ ദേശീയപുരസ്‌കാരം കിട്ടിയത്1983 ലാണ്. 


നല്ലൊരുഡബിങ് കലാകാരന്‍കൂടിയായ എസ്.പി.ബിയുടെ ശബ്ദത്തിലാണ് കമല്‍ഹാസനെ  തെലുങ്കിലും കന്നടഡയിലുമൊക്കെ കണ്ടത്. രജനീകാന്ത്, ഭാഗ്യരാജ്, സല്‍മാന്‍ഖാന്‍, ഗിരീഷ് കര്‍ണാഡ് അങ്ങനെ പലര്‍ക്കും പലഭാഷയില്‍ എസ്.പി.ബി ശബ്ദം നല്‍കി. കൂടാതെ  റിച്ചാഡ് ആറ്റന്‍ബറോയുടെ ഇതിഹാസ ചിത്രം ഗാന്ധിയുടെ തെലുങ്കു പതിപ്പില്‍ ബെന്‍കിങ്‌സിലിയ്ക്കും അദ്ദേഹം ശബ്ദം നൽകി. ഇന്ത്യയുടെ ഈ അതുല്യ ഗായകൻ ഇനിയില്ല എന്നത് എല്ലാ ഗാന സ്നേഹികളുടെയും കണ്ണ് നനയിക്കുന്നതാണ്.



റെഡ് റിബ്ബൻ മീഡിയ വേൾഡിന്റെ വാർത്തകളും ലേഖനങ്ങളും നേരിട്ട് ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍