ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) സ്വകാര്യ ചാനലിന്റെ കമന്റേറ്റർമാരുടെ സംഘത്തിൽ അംഗമായിരുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഡീൻ ജോൺസ് ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിൽ അന്തരിച്ചു. ക്രിക്കറ്റ് കമന്റേറ്ററെന്ന നിലയിൽ ഇന്ത്യൻ ആരാധകർക്കും സുപരിചിതനാണ് 1987ൽ ഓസ്ട്രേലിയ ലോകകപ്പ് നേടുമ്പോൾ നിർണായക സംഭാവനകളുമായി കളം നിറഞ്ഞ ഡീനെ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബയോ സെക്യുർ ബബ്ൾ സംവിധാനത്തിന്റെ ഭാഗമായി മുംബൈയിലെ ഒരു സെവൻ സ്റ്റാർ ഹോട്ടലിൽ കഴിയുമ്പോഴാണ് അന്ത്യം. തുടർ നടപടികൾക്കായി ഇന്ത്യയിലെ ഓസ്ട്രേലിയൻ ഹൈക്കമ്മിഷനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ദൃസാക്ഷി വിവരണം നൽകുന്ന സ്വകാര്യ ചാനൽ വ്യക്തമാക്കി.
ഓസ്ട്രേലിയയിലെ മെൽബണിൽ ജനിച്ച ഡീൻ ജോൺസ്, 1984 ജനുവരി 30ന് അഡ്‌ലെയ്ഡിൽ പാക്കിസ്ഥാനെതിരായ ഏകദിനത്തിലൂടെയായിരുന്നു രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റം കുറിച്ചത്. ഇതേ വർഷം മാർച്ചിൽ വെസ്റ്റിൻഡീസിനെതിരെ പോർട്ട് ഓഫ് സ്പെയിനിൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു. 52 ടെസ്റ്റുകളും 164 ഏകദിനങ്ങളും കളിച്ച് 1984 മുതൽ 1994 വരെയുള്ള ഒരു പതിറ്റാണ്ട് കാലം രാജ്യാന്തര ക്രിക്കറ്റിൽ നിറഞ്ഞുനിന്ന അദ്ദേഹം 1994 ഏപ്രിൽ ആറിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കേപ്ടൗണിൽ നടന്ന ഏകദിനത്തോടെ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിടവാങ്ങി. അതിനും രണ്ടു വർഷം മുൻപ് 1992 സെപ്റ്റംബറിൽ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു അവസാന ടെസ്റ്റ്.
ടെസ്റ്റിൽ 89 ഇന്നിങ്സുകളിൽനിന്ന് 46.55 ശരാശരിയിൽ 3631 റൺസും ഏകദിനത്തിൽ 161 ഇന്നിങ്സുകളിൽനിന്ന് 44.61 ശരാശരിയിൽ 6068 റൺസ് നേടി. ടെസ്റ്റിൽ 11 സെഞ്ചുറികളും 14 അർധസെഞ്ചുറികളും നേടി. 34 ക്യാച്ചുകളും സ്വന്തമാക്കി. ഏകാദിനത്തിൽ ഏഴു സെഞ്ചുറികളും 46 അർധസെഞ്ചുറികളും നേടിയ അദ്ദേഹം 145 54 ക്യാച്ചുകളും സ്വന്തമാക്കിയിട്ടുണ്ട്.
0 അഭിപ്രായങ്ങള്‍