ശ്രീനിവാസൻ, ഉർവ്വശി, ജയറാം, പാർവ്വതി എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച തലയണമന്ത്രം എന്ന സിനിമ 1990 ലാണ് പുറത്തിറങ്ങിയത്. ശ്രീനിവാസൻ തിരക്കഥയെഴുതിയ ചിത്രം സത്യൻ അന്തിക്കാടാണ് സംവിധാനം ചെയ്തത്. കൈതപ്രം ദാമോദരൻ നമ്പൂതിരി രചിച്ച ഇതിലെ ഗാനങ്ങൾ ജോൺസനാണ് സംഗീതം നൽകിയിരിയ്ക്കുന്നത്. എം.ജി.ശ്രീകുമാർ , ചിത്ര, സുജാത , ജി.വേണുഗോപാൽ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിയ്ക്കുന്നത്. ആ വർഷത്തെ മികച്ച നടിയ്ക്കുള്ള സംസ്ഥാന സർക്കാർ അവാർഡ് ആ ചിത്രത്തിലൂടെ ഉർവ്വശി നേടി.
സുകുമാരനും (ശ്രീനിവാസൻ ) സഹോദരൻ മോഹനനും (ജയറാം )ഒരു മധ്യവർഗ കുടുംബത്തിലെ അംഗങ്ങളാണ്. ജെ കെ കൺസ്ട്രക്ഷൻസ് എന്ന കൺസ്ട്രക്ഷൻ കമ്പനിയിൽ സൂപ്പർവൈസറാണ് സുകുമാരൻ, മോഹനൻ ഒരു കടയുടമയാണ്. സുകുമാരന്റെ ഭാര്യ കാഞ്ചനയിൽ (ഉർവ്വശി) വ്യത്യസ്ഥമായി സമ്പന്ന കുടുംബത്തിൽ നിന്നുള്ള ഷൈലജയെ (പാർവ്വതി) ആണ് മോഹനൻ വിവാഹം കഴിച്ചത്. പണവും ജോലിയുമുള്ള ഷൈലജയുടെ ഭാഗ്യകരമായ ജീവിതം കാഞ്ചനയിൽ അസൂയ സൃഷ്ടിയ്ക്കുന്നു. കുടുംബജീവിതത്തിന്റെ സുഗമമായ നടത്തിപ്പിനെ ബാധിക്കുന്ന അനാവശ്യ പ്രശ്നങ്ങൾ കണ്ടെത്തുന്നതിലൂടെ കാഞ്ചന പതുക്കെ കുടുംബത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ തുടങ്ങുന്നു. ഒടുവിൽ സുകുമാരൻ അവരുടെ കുടുംബവീട് വിട്ട് കാഞ്ചനയുടെ അഭ്യർത്ഥനയുടെ ഭാഗമായി ഒരു വാടക വീട്ടിൽ താമസിക്കാൻ തുടങ്ങുന്നു. താമസക്കാർ വളരെ സമ്പന്നരായ ഒരു പോഷ് കോളനിയിലാണ് വാടക വീട്.
ഒരു കമ്പിനി സൂപ്പർവൈസർ മാത്രമാണ് തന്റെ ഭർത്താവെന്ന് കോളനിയിലെ പൊങ്ങച്ചക്കാരായ താമസക്കാരോട് പറയാൻ കുറച്ചിലായ കാഞ്ചന ഭർത്താവ് നിർമ്മാണ കമ്പിയിലെ എഞ്ചിനീയരാണെന്ന് കളവ് പറയുന്നു. വിലകൂടിയ വീട്ടുപകരണങ്ങൾ വാങ്ങുക, മകൾക്ക് ഒരു ഡാൻസ് മാസ്റ്റർ ക്രമീകരിക്കുക, ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക് അയയ്ക്കുക, ഒരു പഴയ കാർ വാങ്ങുക തുടങ്ങിയ അനാവശ്യ കാര്യങ്ങളിലൂടെ കാഞ്ചന ഭർത്താവിന്റെ സാമ്പത്തിക ബാധ്യത വർദ്ധിപ്പിക്കുന്നു. പുതിയതായി വാങ്ങിയ കാറിൽ സുകുമാരൻ ഒരു ആപകടത്തിൽ പെടുകയും മെഡിക്കൽ ചിലവുകളും റിപ്പയറിംഗ് ചിലവുകളുമായി നല്ലൊരു തുക ചിലവാകുകയും ചെയ്തു. വലിയ സാമ്പത്തിക ആവശ്യങ്ങൾ സുകുമാരനെ സാവധാനം തകർക്കുന്നു, കടക്കാർ അവരുടെ പണം തിരികെ ആവശ്യപ്പെടാൻ തുടങ്ങിയതോടെ അയ്യാൾ ആകെ കുഴയാൻ തുടങ്ങി.
തങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിയ്ക്കാൻ സുകുമാരൻ കമ്പിയിലും സിമെന്റിലും കൃതൃമം കാണിച്ച് കമ്പിനിയെയും തൊഴില്മയേയും കബളിപ്പിയ്ക്കുന്നു. എന്നാൽ അധികാരികൾ ഉടൻ സത്യം തിരിച്ചറിയുന്നു. സാമ്പത്തികമായി ഏറെ പരിതാപകരമായ അവസരത്തിൽ തനിയ്ക്ക് കൂട്ട് നിന്ന കുഞ്ഞനന്തൻ മേതിരിയ്ക്കും (മാമുക്കോയ) സാധനങ്ങൾ നൽകുന്ന ദാമോദരൻ പിള്ളയ്ക്കും (പറവൂർ ഭരതൻ ) ഒപ്പം സുകുമാരനെ പോലീസ് അറസ്റ്റ് ചെയ്യുന്നു. അവർ മൂലമുണ്ടായ ദുഷ് പേരുകൾ കാരണം വീട്ടുടമസ്ഥൻ രാമൻ കർത്താ (കൊല്ലം തുളസി ) കാഞ്ചനയേയും മകളേയും പുറത്താക്കുന്നു. ഭാര്യ കാഞ്ചനയുടെ മോശം ഉപദേശങ്ങൾ സഹോദരനെ നയിച്ച സാഹചര്യങ്ങളെക്കുറിച്ച് അറിഞ്ഞ മോഹനൻ അവരുടെ രക്ഷയ്‌ക്കെത്തി. ഭാര്യയുടെ സ്വർണ്ണാഭരണങ്ങൾ വിറ്റ് മോഹനൻ പണം ക്രമീകരിക്കുകയും കടക്കാർക്ക് തിരിച്ച് നൽകുകയും അങ്ങനെ സുകുമാരൻ ജയിൽ മോചിതനാകുന്നു. അവസാനം കാഞ്ചനയുടെ തെറ്റുകൾ മനസ്സിലാക്കുന്നിടത്ത് കുടുംബം വീണ്ടും ഒന്നിക്കുന്നു.
കുടുംബബന്ധങ്ങളിൽ ഉണ്ടായിരിക്കേണ്ട ഗുണങ്ങൾ നർമ്മത്തിന്റെ അകമ്പടിയോടെ നമ്മോട് പറയുന്ന സിനിമ പൊങ്ങച്ചക്കാരെ കണക്കറ്റ് പരിഹസിച്ചിട്ടും ഉണ്ട്. ഡ്രൈവിംഗ് പഠിപ്പിക്കുന്ന ആളോട് "ഞാൻ പോളിടെക്നിക്ക് പഠിച്ചിട്ടുണ്ട് അത്കൊണ്ട് യന്ത്രങ്ങളുടെ പ്രവർത്തനം എന്നെ പഠിപ്പിക്കേണ്ട" എന്ന ഡയലോഗ് ഇതിന് ഉദാഹരണമാണ്. കോളനിയിലെ ജനങ്ങളുടെ പൊങ്ങച്ചത്തെ വരച്ച് കണിയ്ക്കുമ്പോൾ തന്നെ അവിടുത്തെ ജനങ്ങളുടെ കുടുംബ ജീവിതത്തിലെ പോരായ്മയകളും ചിത്രം വരച്ച് കാട്ടുന്നു. എന്ത് അഴിമതി കാണിച്ചാലും അത് മുള്ളവരെ കാണിച്ച് പൊങ്ങച്ചത്തോടെ ചെയ്യാൻ ആഗ്രഹിയ്ക്കുന്ന കാഞ്ചന ഒരു സാധാരണ മലയാളി വീട്ടമ്മയുടെ പ്രതീകമാണ്. താൻ പൊങ്ങച്ചക്കാരിയാണെന്നത് മറച്ച് വെച്ച് തനിയ്ക്ക് ഒന്നിനും ആഗ്രഹമില്ലാത്തവൾ ആണെന്ന് കാഞ്ചന സ്ഥാപിയ്ക്കാൻ ശ്രമിയ്ക്കുന്ന ഭാഗങ്ങൾ പരമാവധി നർമ്മം ചാലിയ്ക്കാൻ രചയിതാവ് ശ്രദ്ധിച്ചിട്ടുണ്ട്. ഇന്നസെന്റ്, മീന, സുകുമാരി ,ശങ്കരാടി എന്നിവരും അണിനിരന്ന ചിത്രം ബി.ശശികുമാറാണ് നിർമ്മിച്ചത്.
0 അഭിപ്രായങ്ങള്‍