തിരുവനന്തപുരം : കേരള ലളിതകലാ അക്കാദമി കൊല്ലം ഡി റ്റി പി സിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന അഷ്ടശില്പ ദശദിന ശില്പകലാ ക്യാമ്പ് കൊല്ലം ആശ്രാമം മൈതാനത്ത് ഇന്ന് (സെപ്റ്റംബർ 18 വെള്ളി ) ആരംഭിക്കും. കോൺക്രീറ്റ് മാധ്യമമായുള്ള ഈ ക്യാമ്പ് വാക്‌വേ പദ്ധതിയുടെ ഭാഗമായിട്ടുള്ളതാണ്. രാവിലെ 10 ന് മുകേഷ് എം എൽ എ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കും. കൊല്ലം മേയർ ഹണി ബെഞ്ചമിൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. കൊല്ലം ജില്ലാ കളക്ടർ ബി. അബ്ദുൾ നാസർ വിശിഷ്ടാതിഥിയായിരിക്കും. കൊല്ലം ഡി റ്റി പി സി സെക്രട്ടറി സന്തോഷ്‌കുമാർ. സി ക്യാമ്പ് വിശദീകരണം നടത്തും. അക്കാദമി ചെയർമാൻ നേമം പുഷ്പരാജ്, സെക്രട്ടറി പി. വി. ബാലൻ, ഡി. റ്റി. പി. സി നിർവാഹക സമിതി അംഗം എക്സ്.. ഏണസ്റ്റ് എന്നിവർ സംസാരിക്കും.
ഗിരിവാസുദേവൻ, സതീശൻ വി, പ്രമോദ് ഗോപാലകൃഷ്ണൻ, ജ്യോതിലാൽ കെ. വി, സാനു രാമകൃഷ്ണൻ, ഷെൻലെ, ടിനു കെ. ആർ, ഗുരുപ്രസാദ് അയ്യപ്പൻ, എന്നീ കലാകാരന്മാരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ക്യാമ്പ് സെപ്റ്റംബർ 27 ന് സമീപിക്കും. അഷ്ടമുടി കായൽ പശ്ചാത്തലമായുള്ള കൊല്ലത്ത് അഷ്ടശില്പികൾ ഒന്നിക്കുന്ന ഈ ക്യാമ്പിൽ വ്യത്യസ്തങ്ങളും സന്ദർശകർക്ക് വിശ്രമിക്കാനുമുതകുന്ന തരത്തിലുള്ള എട്ട് ശില്പങ്ങൾ ഉയരുകയാണ്. ഭാരതത്തിലാകമാനം കോവിഡ് കാലത്ത് അക്കാദമി പ്രവർത്തനങ്ങൾ നിലച്ചപ്പോഴും
കേരള ലളിതകലാ അക്കാദമി കലാകാരന്മാർക്ക് സഹായകമായ നിരവധി പദ്ധതികളുമായി സജീവമാണെന്ന് അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് പറഞ്ഞു. 27000 രൂപ വീതം 105 കലാകൃത്തുക്കൾക്ക് നൽകിക്കൊണ്ടുള്ള നിറകേരളം ചിത്രകലാ ക്യാമ്പും 40000 രൂപ പ്രതിഫലം നൽകിക്കൊണ്ടുള്ള കയർ ഇൻസ്റ്റലേഷൻ ക്യാമ്പും 40000 രൂപ പ്രതിഫലമായി നൽകുന്ന അഷ്ടശില്പ ക്യാമ്പും അക്കാദമിയുടെ സജീവ പ്രവർത്തനങ്ങൾക്ക് ഉദാഹരണങ്ങളാണെന്നും ചെയർമാൻ പറഞ്ഞു.
0 അഭിപ്രായങ്ങള്‍