യുട്യൂബിലൂടെ അശ്ലീല പരാമർശങ്ങൾ നടത്തിയ വിജയ് പി നായരെ മർദ്ദിച്ച സംഭവത്തിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച കോടതി വിധി പറയും. കേസിൽ വിശദമായ വാദം പൂർത്തിയായിട്ടുണ്ട്. കേസ് വെള്ളിയാഴ്ച കോടതി വീണ്ടും പരിഗണിക്കും. മുൻകൂർ ജാമ്യാപേക്ഷയിൽ അന്നുവിധി ഉണ്ടാകും. അതുവരെ പ്രതികളെ അറസ്റ്റുചെയ്യരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
വിജയ് പി.നായർ ഭാഗ്യലക്ഷ്മിയെയും സുഹൃത്തുക്കളെ തന്റെ മുറിയിലേക്ക് വരാൻ ക്ഷണിച്ചതനുസരിച്ചാണ് അവർ പോയതെന്നും അതിനാൽ ഇവർക്കെതിരെ ചുമത്തിയ മോഷണക്കുറ്റം, അതിക്രമിച്ചു കടക്കൽ എന്നീ രണ്ടുവകുപ്പുകൾ നിലനിൽക്കില്ലെന്നാണ് പ്രതിഭാഗം പ്രധാനമായും കോടതിയിൽ വാദിച്ചത്. ലാപ്ടോപ്പും മൊബൈൽ ഫോൺ അടക്കമുളള ഉപകരണങ്ങളും വിജയ് പി.നായർ തന്നെയാണ് ഭാഗ്യലക്ഷ്മിക്കും മറ്റു രണ്ടുപേർക്കും നൽകിയത് എന്നാണ് പ്രോസിക്യൂഷന്റെ വാദം. ഇത് സംഭവം നടന്ന അന്നുതന്നെ എട്ടുമണിക്ക് പോലീസ് സ്റ്റേഷനിൽ ഹാജരാക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഈ രണ്ടുവകുപ്പുകളും പ്രതികൾക്കെതിരെ നിലനിൽക്കില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
എന്നാൽ മഷിയും ചൊറിയണവുമായി പ്രതികൾ എത്തിയത് വിജയ് പി.നായരെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെത്തന്നെയാണെന്നാണ് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയത്.
എത്ര വലിയ തെറ്റു ചെയ്ത ആളാണെങ്കിലും നിയമം കൈയിലെടുത്ത് ഒരാളെ ആക്രമിക്കുന്നത് ശരിയല്ലല്ലോ എന്ന് കേസ് പരിഗണിക്കുന്നതിനിടയിൽ കോടതി നിരീക്ഷിച്ചു.
0 അഭിപ്രായങ്ങള്‍