ഉപജീവനമാർഗമായ ബിരിയാണി വിൽപ്പന ചിലർ തടസപ്പെടുത്തുന്നു എന്നാരോപിച്ച് കഴിഞ്ഞദിവസം ഫേസ്ബുക്ക് ലൈവിൽ എത്തി പൊട്ടിക്കരഞ്ഞ ട്രാൻസ്ജൻഡർ സംരംഭക സജ്ന ഷാജിക്ക് ബിരിയാണി കട തുടങ്ങുന്നതിനുള്ള സാമ്പത്തിക സഹായം നൽകുമെന്ന് നടൻ ജയസൂര്യ അറിയിച്ചു. ഫഹദ് ഫാസിൽ ഉൾപ്പടെയുള്ള താരങ്ങൾ സജ്‌നയുടെ വീഡിയോ ഷെയർ ചെയ്തിരുന്നു.
ഫുഡ് ആൻഡ് സേഫ്റ്റിയിൽ നിന്നടക്കം ലൈസൻസ് എടുത്തു കൊണ്ട് ആരംഭിച്ച ബിരിയാണി വിൽപ്പന ചില ആളുകൾ തടയുകയായിരുന്നു. പരാതിയുമായി പൊലീസ് സ്റ്റേഷനിൽ സമീപിച്ചുവെങ്കിലും ബിരിയാണി വിറ്റുതരാൻ തങ്ങൾക്ക് കഴിയില്ലെന്നായിരുന്നു പൊലീസിന്റെ മറുപടിയെന്നും സജ്ന പറഞ്ഞിരുന്നു.
വിൽപ്പനയ്ക്കായി 150 ബിരിയാണിയും 20 ഊണും ആയിരുന്നു എത്തിച്ചിരുന്നത്. എന്നാൽ, അതിൽ 20 ബിരിയാണി മാത്രമാണ് വിറ്റത്. സമീപത്തു തന്നെ ബിരിയാണി കച്ചവടം നടത്തുന്ന ചിലർ തന്റെ ബിരിയാണി വിൽപനയെ തടസപെടുത്തുകയാണെന്നും സജ്ന പറഞ്ഞിരുന്നു. ഇവരുടെ നിർദ്ദേശപ്രകാരം ഫുഡ് ഇൻസ്പെക്ടറെന്ന വ്യാജേന എത്തിയ ചിലർ ബിരിയാണി വാങ്ങാൻ വരുന്നവർക്കു മുന്നിൽ വെച്ച് തന്നെ അധിക്ഷേപിക്കുകയും ബിരിയാണി കച്ചവടം നടത്താൻ ലൈസൻസ് ഉണ്ടോ എന്നടക്കമുള്ള കാര്യങ്ങൾ ചോദിക്കുകയും ചെയ്തതായും സജ്ന പറഞ്ഞിരുന്നു.
അതേസമയം, സജ്നയ്ക്ക് പിന്തുണയുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ രംഗത്തെത്തി. സജ്നയെ ഫോണിൽ വിളിച്ച ശൈലജ ടീച്ചർ സജ്നയ്ക്ക് ആവശ്യമായ സഹായവും സുരക്ഷയും നൽകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. സജ്നയ്ക്ക് ഇക്കാര്യത്തിൽ പൊലീസ് സുരക്ഷ ഉറപ്പുവരുത്തും. അക്രമികൾക്കെതിരെ നടപടിയെടുക്കുന്നതിന് ആവശ്യപ്പെട്ടിട്ടുണ്ട്. സജ്നയ്ക്ക് അടിയന്തിര സാമ്പത്തികസഹായം നൽകുമെന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ ശൈലജ ടീച്ചർ അറിയിച്ചിരുന്നു.
ആരോഗ്യ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
എറണാകുളത്ത് വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തി ഉപജീവനം നടത്തുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയായ സജനയ്ക്ക് നേരെ സാമൂഹ്യവിരുദ്ധര്‍ നടത്തിയ അക്രമണത്തിന്റെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു. സജനയെ ഫോണില്‍ വിളിച്ചു സംസാരിച്ചു. ആവശ്യമായ സഹായവും സുരക്ഷയും നല്‍കുമെന്ന് ഉറപ്പ് നല്‍കി. പോലീസ് സുരക്ഷ ഉറപ്പുവരുത്തും. അക്രമികള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് ആവശ്യപ്പെട്ടിട്ടുണ്ട്. സാമൂഹ്യനീതി വകുപ്പിന്റെ ഭാഗമായി കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയിലൂടെ സജനയ്ക്ക് അടിയന്തിര സാമ്പത്തിക സഹായം നല്‍കും.
സമൂഹത്തില്‍ സ്ത്രീയും പുരുഷനും എന്നപോലെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളും തുല്യ അവകാശമുള്ള പൗരന്മാരാണ്. അവരെ അവഹേളിക്കാന്‍ ആരെയും അനുവദിക്കില്ല. ഈ സര്‍ക്കാര്‍ വന്നതിനുശേഷം ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഐഡി കാര്‍ഡ് നല്‍കിയും ട്രാന്‍സ്‌ജെന്‍ഡര്‍ കൗണ്‍സില്‍ ഇതില്‍ രൂപീകരിച്ചതുമടക്കം നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. മഴവില്ല് എന്ന പദ്ധതി രൂപീകരിച്ചു കൊണ്ട് സ്‌കില്‍ ഡെവലപ്‌മെന്റ് പദ്ധതി, സ്വയം തൊഴില്‍ വായ്പാ സൗകര്യങ്ങള്‍, തുല്യതാ വിദ്യാഭ്യാസം മുതല്‍ ഉപരിപഠനം വരെ അടക്കമുള്ള നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. കേരളത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് കുടുംബത്തിലും സമൂഹത്തിലും ആദരവും അംഗീകാരവും പ്രകടിപ്പിച്ചു തുടങ്ങിയ അവസരത്തില്‍ ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ല.
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി ഇന്ത്യയില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി നടപ്പിലാക്കിയ സംസ്ഥാനം കേരളമാണ്. ഈ പോളിസിയുടെ ഭാഗമായി ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യ നീതി വകുപ്പ് വിവിധ ക്ഷേമ പദ്ധതികളാണ് ആവിഷ്‌കരിച്ചു വരുന്നത്. ഇവ ഏകോപിപ്പിക്കുന്നതിന് വിപുലമായ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.
സജനയെയും സുഹൃത്തുക്കളെയും അപമാനിച്ച അക്രമികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം സ്വന്തമായി ജോലി ചെയ്തു അന്തസോടെ ജീവിക്കാനുള്ള അവസരം അവര്‍ക്ക് ഉണ്ടാക്കി കൊടുക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാകും. സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, ഡയറക്ടര്‍ ഷീബ ജോര്‍ജ്, സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ എന്നിവർ മുഖാന്തരം പ്രശ്‌നത്തില്‍ ഇടപെടുകയും സഹായം എത്തിക്കുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/577768035644515/posts/3445384902216133/
https://m.facebook.com/story.php?story_fbid=2831559487078516&id=1530277400540071
0 അഭിപ്രായങ്ങള്‍