ഈ വർഷത്തെ വയലാർ രാമവർമ മെമ്മോറിയൽ സാഹിത്യ പുരസ്കാരം കവി ഏഴാച്ചേരി രാമചന്ദ്രൻ എഴുതിയ ‘ഒരു വെർജീനിയൻ വെയിൽകാലം’ എന്ന കൃതിക്ക്. ഒരു ലക്ഷം രൂപയും ശിൽപി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമിച്ച ശിൽപവുമാണ് അവാർഡ്.
ഡോ. കെ.പി.മോഹനൻ (സെക്രട്ടറി, കേരള സാഹിത്യ അക്കാദമി), ഡോ. എൻ.മുകുന്ദൻ, പ്രഫ. അമ്പലപ്പുഴ ഗോപകുമാർ എന്നിവരായിരുന്നു ജഡ്ജിങ് കമ്മിറ്റി അംഗങ്ങൾ. വയലാർ രാമവർമ മെമ്മോറിയൽ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരൻ ജഡ്ജിങ് കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിച്ചു.
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ രാമപുരം പഞ്ചായത്തിലെ ഏഴാച്ചേരി ഗ്രാമത്തിൽ ജനിച്ച ഏഴാച്ചേരി രാമചന്ദ്രൻ പ്രൊഫഷണൽ നാടക ഗാനരചനയ്ക്ക് മൂന്നു തവണ സംസ്ഥാന സർക്കാരിന്റെ അവാർഡ് ഉൾപ്പെടെ വിവിധ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി നിർവ്വാഹക സമിതി അംഗം, ചലച്ചിത്ര അക്കാദമി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആർദ്രസമുദ്രം, ബന്ധുരാംഗീപുരം, കേദാരഗൗരി, കാവടിച്ചിന്ത്, നീലി, കയ്യൂർ, ഗന്ധമാദനം, എന്നിലൂടെ, തങ്കവും തൈമാവും(ബാലകവിതകൾ), ജാതകം കത്തിച്ച സൂര്യൻ എന്നിവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്.
0 അഭിപ്രായങ്ങള്‍