കടുത്ത പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ വിജയ് സേതുപതിയോട് ചിത്രത്തിൽനിന്ന് പിൻമാണമെന്ന് മുത്തയ്യാ മുരളീധരൻ അഭ്യർഥിച്ചതിനെ തുടർന്ന് മുരളീധരന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന 800 എന്ന ചിത്രത്തിൽനിന്ന് വിജയ് സേതുപതി പിൻമാറി. മുരളീധരന്റെ പ്രതികരണം ചർച്ചയായതിന് തൊട്ടുപിന്നാലെയാണ് വിജയ് സേതുപതി ചിത്രത്തിൽ നിന്ന് പിൻമാറിയതായി അറിയിച്ചിരിക്കുന്നത്.
''എന്റെ ജീവിതത്തെക്കുറിച്ച് ഒരു സിനിമ നിർമ്മിക്കാൻ നിർമ്മാതാക്കൾ സമീപിച്ചപ്പോൾ ഞാൻ ആദ്യം മടിച്ചു. പക്ഷേ, പിന്നീട്, എന്റെ വിജയത്തിൽ എന്റെ മാതാപിതാക്കൾ, അധ്യാപകർ, പരിശീലകർ, സഹകളിക്കാർ എന്നിവരുടെ സംഭാവനകളെ അംഗീകരിക്കാനുള്ള ശരിയായ അവസരമാണിതെന്ന് ഞാൻ കരുതി. എന്റെ കഥ യുവാക്കൾക്ക് പ്രചോദനമാകുമെന്നും ഞാൻ വിചാരിച്ചു. എന്നാൽ എന്റെ പേരിൽ ഒരു നടനും കഷ്ടപ്പെടരുതെന്ന് എനിക്ക് നിർബന്ധമുണ്ട്. അതുകൊണ്ട് തന്നെ ചിത്രത്തിൽ നിന്ന് പിൻമാറണമെന്ന് ഞാൻ വിജയ് സേതുപതിയോട് അപേക്ഷിക്കുകയാണ്''- മുത്തയ്യ മുരളീധരൻ കുറിച്ചു.
ശ്രീലങ്കൻ തമിഴനായി ജനിച്ചത് എന്റെ തെറ്റാണോ? എന്റെ ജീവിതത്തെകുറിച്ച് അറിയാത്തവർ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി എന്നെ തമിഴ് സമൂഹത്തിനെതിരേ പ്രവർത്തിക്കുന്ന വ്യക്തയായി മുദ്ര കുത്തുന്നു. അതെന്നെ വേദനിപ്പിക്കുന്നു. എന്റെ കാരണങ്ങൾ എന്റെ എതിരാളികളെ സമാധാനിപ്പിക്കില്ലെങ്കിലും മറുവശത്ത്, എന്നെക്കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നു- എന്നായിരുന്നു മുത്തയ്യ മുരളീധരന്റെ പ്രതികരണം.
800 പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ സമൂഹ മാധ്യമങ്ങളിൽ 'ഷെയിം ഓൺ യൂ', 'ബോയ്കോട്ട് വിജയ് സേതുപതി' തുടങ്ങിയ ഹാഷ്ഗാടുകൾ തരംഗമായിരുന്നു. വിജയ് സേതുപതി തമിഴ് ജനതയ്ക്ക് അപമാനമാണെന്നും തമിഴ് വംശജരെ കൊന്നൊടുക്കിയ ശ്രീലങ്കയിൽ നിന്നുള്ള ക്രിക്കറ്റ് താരത്തെക്കുറിച്ചുള്ള സിനിമയിൽ ഒരു തമിഴ്നാട്ടുകാരൻ വേഷമിടുന്നത് അപമാനമാണെന്നും വിമർശകൻ ആരോപിച്ചിരുന്നു.
0 അഭിപ്രായങ്ങള്‍