ആർ എൽ വി രാമകൃഷ്ണനെ വിഷം ഉള്ളിൽ ചെന്ന് ആശുപത്രിയിലാക്കിയ സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി വിനയൻ

അന്തരിച്ച നടൻ കലാഭവൻ മണിയുടെ അനുജനും നർത്തകനുമായ ഡോ. ആർ.എൽ.വി രാമകൃഷ്ണനെ അമിതമായ അളവിൽ ഉറക്ക ഗുളിക ഉള്ളിൽ ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പ സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി ഫേസ്ബുക്കിൽ കുറിപ്പിട്ട് സംവിധായകൻ വിനയൻ. ശനിയാഴ്ച രാത്രി ഏഴു മണിയോടെയാണ് രാമകൃഷ്ണനെ  അദ്ദേഹത്തിന്റെ സ്ഥാപനമായ കുന്നിശേരി രാമൻ കലാഗൃഹത്തിൽ അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് കറുകുറ്റിയിലെ ആശുപത്രിയിൽപ്രവേശിപ്പിക്കുകയായിരുന്നു.


ഓൺലൈൻ വഴി മോഹിനിയാട്ടം അവതരിപ്പിക്കുന്നതിനുള്ള രാമകൃഷ്ണന്റെ അപേക്ഷ സംഗീത നാടക അക്കാദമി തള്ളിയതുമായി ബന്ധപ്പെട്ട് അടുത്തിടെ ചില വിവാദങ്ങൾ ഉടലെടുത്തിരുന്നു. വിവാദവുമായി ബന്ധപ്പെട്ട് തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് വ്യക്തമാക്കി ആർ.എൽ.വി രാമകൃഷ്ണൻ ഒരു ഫെയ്സ്ബുക്ക് പോസ്റ്റും പങ്കുവച്ചിരുന്നു. ഇത് ആത്മഹത്യയിലേക്ക് നയിച്ചു എന്നാണ് നിഗമനം. 


വിനയന്റെ കുറിപ്പ് വായിക്കാം 


കലാഭവൻ മണിയുടെ അനുജൻ രാമകൃഷ്ണൻ ആത്മഹത്യാശ്രമം നടത്തി എന്ന വാർത്ത ഞെട്ടലോടെ ആണ് ഇന്നലെ വാർത്താ മാദ്ധ്യമങ്ങളിലൂടറിഞ്ഞത്.. കുറച്ചു ദിവസങ്ങളായി സംഗീത നാടക അക്കാദമി നടത്തുന്ന മോഹാനിയാട്ട കലോൽസവത്തിൽ പങ്കെടുക്കാനുള്ള അനുമതി നിഷേധിച്ചതിൽ രാമകൃഷ്ണൻ ഏറെ ദുഖിതനായിരുന്നു.. മോഹിനിയാട്ടത്തിൽ പി,എച്ച്.ഡി എടുത്ത വ്യക്തിയാണു രാമകൃഷ്ഷ്ണൻ.. നൃത്തത്തിനു വേണ്ടി ജീവിതം മുഴുവൻ സമർപ്പിച്ച ഒരു ചെറുപ്പക്കാരനെ നമ്മുടെ സംഗീതനാടക അക്കാദമി ഇത്രമേൽ മാനസികമായി വേദനിപ്പിക്കണമായിരുന്നോ? പ്രത്യേകിച്ച് ദളിതരുടെ ഉന്നമനമാണ്   ഞങ്ങളുടെ നയം എന്നു നാഴികയ്കു നാൽപ്പതുവട്ടം പറയുന്ന അധികാരികൾ ,  ഒരു ദളിത് കലാകാരനായ രാമകൃഷ്ണൻ സംഗീതനാടക അക്കാദമിയുടെ മുന്നിൽ കഴിഞ്ഞ ദിവസം സത്യാഗ്രഹം ഇരുന്നതു പോലും അറിഞ്ഞില്ലന്നാണോ?

       സ്ത്രീകൾ മാത്രമേ മോഹിനിയാട്ടം കളിക്കാവു എന്ന് അക്കാദമിക്ക് ലിഖിതമായ ഒരു നിയമമുണ്ടോ? ഇല്ലന്നാണറിഞ്ഞത്... കീഴ് വഴക്കമാണങ്കിൽ അത്തരം വിവേചനപൂർണ്ണമായ കീഴ് വഴക്കങ്ങൾ പലതും മാറ്റിയിട്ടില്ലേ..ഈ നാട്ടിൽ?

   പാലാഴിമഥനം കഴിഞ്ഞ് അമൃതുമായി കടന്ന അസുരൻമാരുടെ കൈയ്യിൽ നിന്നും അതു വീണ്ടെടുക്കാൻ മഹാവിഷ്ണു സ്ത്രീവേഷം പൂണ്ട് മോഹിനിയായിമാറി അസുരൻമാരുടെ മുന്നിൽ കളിച്ച നൃത്തത്തിൻെറ രൂപമാണ്  മോഹിനിയാട്ടം എന്ന് ഒരു കഥ ഈ നൃത്ത രൂപത്തെ പറ്റി പറയാറുണ്ട്..  അങ്ങനെയാണങ്കിൽ പുരുഷനായ മഹാവിഷ്ണു കളിച്ച ഈ നൃത്തം മറ്റു പുരുഷൻമാർ കളിക്കുന്നതിൽ എന്താണ് തെറ്റ് എന്നു ചിന്തിച്ചു കൂടെ?  ഇതൊക്കെ സംഗീതനാടക അക്കാദമിയുടെ വെറും പിടിവാശിയും ഈഗോയുമാണ്... ഇന്നു തന്നെ ബഹുമാന്യയായ കെ.പി,എ.സി ലളിതച്ചേച്ചി ഇടപെട്ട് ഈ തീരുമാനം മാറ്റുമെന്നു പ്രതീക്ഷിക്കട്ടെ...


https://www.facebook.com/1410558962527222/posts/2702850099964762/


റെഡ് റിബ്ബൻ മീഡിയ വേൾഡിന്റെ വാർത്തകളും ലേഖനങ്ങളും നേരിട്ട് ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍