വിക്രമാദിത്യ മോട്വാനെ സംവിധാനം ചെയ്ത് അനുരാഗ് കശ്യപ്, അനിൽ കപൂർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന എകെ വേർസസ് എകെ (അനിൽ കപൂർ വേർസസ് അനുരാഗ് കശ്യപ്) എന്ന സിനിമയുടെ ട്രൈലെർ പുറത്തിറങ്ങിയതിന് പിന്നാലെ അതിൽ നിന്ന് ചില ഭാഗങ്ങൾ നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഇന്ത്യൻ വ്യോമസേനയുടെ ട്വീറ്റ്.
ചിത്രത്തിലെ ചില രംഗങ്ങളിൽ അനിൽ കപൂർ ഉപയോഗിക്കുന്ന വ്യോമസേനയുടെ യൂണിഫോം തെറ്റായാണ് ഉപയോഗിച്ചിരിക്കുന്നതെന്നും ഭാഷ അനുചിതമാണെന്നും ഇന്ത്യൻ വ്യോമസേന പങ്കുവച്ച ട്വീറ്റിൽ പറയുന്നു. ഇത് ഇന്ത്യൻ സായുധ സേനയിലുള്ളവരുടെ പെരുമാറ്റ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നില്ല. ഈ രംഗങ്ങൾ പിൻവലിക്കണം. ട്വീറ്റിൽ പറയുന്നു.
ദുരൂഹതയുണർത്തുന്ന ട്രെയ്ലറാണ് ചിത്രത്തിന്റേതായി പുറത്ത് വന്നത്. ബോളിവുഡ് താരം സോനം കപൂറിനെ കാണാനില്ല. സൂര്യനുദിക്കുന്നതിന് മുമ്പ് മകളെ കണ്ടെത്താനാണ് അച്ഛനും നടനുമായ അനിൽ കപൂറിന് ലഭിച്ച സന്ദേശം. എന്നാൽ മൂന്ന് നിബന്ധനകളാണ് അദ്ദേഹത്തിന് മുന്നിലുള്ളത്. ഒന്ന് പോലീസിനെ വിളിക്കാനാവില്ല. രണ്ട്, പുറത്ത് നിന്നുള്ള ആരെയും അന്വേഷമത്തിന് കൂട്ടാനാവില്ല. മൂന്ന്, ഒരു ക്യാമറ ഇതെല്ലാം ചിത്രീകരിച്ചു കൊണ്ടേയിരിക്കും... വിചിത്രമെന്ന് തോന്നുന്ന ഇക്കാര്യങ്ങളെല്ലാം യഥാർഥത്തിൽ സംഭവിക്കുന്നതോ അതോ മുൻകൂട്ടി തയ്യാറാക്കിയ നാടകമോ? ഇതിന് പിന്നിൽ സംവിധായകൻ അനുരാഗ് കശ്യപോ? . നെറ്റ്ഫ്ലിക്സിലൂടെ ഡിസംബർ 24 ന് ചിത്രം റിലീസ് ചെയ്യും.
0 അഭിപ്രായങ്ങള്‍