അവിചാരിതങ്ങളുടെയും ആകസ്മികതകളുടെയും സമന്വയമാണ് ജീവിതം . ആ ജീവിത യാത്രയ്ക്കിടയിൽ, അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിക്കുമ്പോൾ , അതിനെ അതിജീവിക്കാൻ നാം എന്തുമാർഗ്ഗവും കൈകൊള്ളും. അവിടെ ജാതി, മതം, കുലം, ഗോത്രം, ഭാഷ തുടങ്ങിയവയ്ക്കൊന്നും ഒരു സ്ഥാനവുമുണ്ടാകില്ല. അങ്ങനെയുള്ളൊരു പശ്ചാത്തലത്തിൽ ഇതൾ വിരിയുന്നതാണ് 'M-24 എന്ന ഹ്രസ്വചിത്രത്തിന്റെ കഥാമുഹൂർത്തങ്ങൾ .
ദില്ലിയിൽ റിട്ടയർമെന്റ് ജീവിതം ആസ്വദിക്കുന്ന മലയാളിയാണ് മേജർ ശങ്കർ , ഭാര്യയുടെ വേർപാടിനു ശേഷം മേജറിന്റെ ലോകമെന്നത് , ദുബായിൽ ഭർത്താവു ചാർളിയോടൊപ്പം ജീവിക്കുന്ന ഏകമകൾ ദിവ്യയാണ്. ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചിട്ടും പട്ടാളച്ചിട്ട ജീവിതത്തിൽ നിലനിറുത്തിപോരുകയാണ് മേജർ . മകൾ ദിവ്യ ഗർഭിണിയാണ്. ദുബായിലെ ബിസിനസ്സ് തിരക്കുകളിൽ മുഴുകുന്ന ചാർളി, ദിവ്യയ്ക്ക് കൂടുതൽ ശ്രദ്ധയും പരിചരണവും ലഭിക്കാൻ മേജറിന്റെ അടുക്കലേയ്ക്കയക്കുന്നു. മകളുടെ വരവോടെ കൂടുതൽ ഉന്മേഷവാനാകുന്ന മേജർ , കുടുംബത്തിലേക്ക് ഉടനെത്താൻ പോകുന്ന കുഞ്ഞ് അതിഥിയെ വരവേല്ക്കാനുള്ള സന്തോഷത്തിലാണ്. തുടർന്നുണ്ടാക്കുന്ന കോവിഡ് മഹാമാരിയുടെ അതിവ്യാപനം രാജ്യത്തെ ലോക്ഡൗണിലേക്ക് തള്ളിവിടുന്നു. ദില്ലിയിലെ പല പ്രദേശങ്ങളും റെഡ്സോണായി പ്രഖ്യാപിക്കപ്പെടുന്നു. അതിൽ മേജർ ശങ്കറിന്റെ താമസ സ്ഥലവും ഉൾപ്പെടുന്നു. അതു സൃഷ്ടിക്കുന്ന അനിശ്ചിതത്ത്വത്തിൽ പകച്ചു നില്ക്കുന്നയവസരത്തിൽ, ദിവ്യയ്ക്ക് പെട്ടെന്ന് പ്രസവവേദന കലശലാകുന്നു. തുടർന്നുണ്ടാകുന്ന ഉദ്വേഗഭരിതങ്ങളായ മുഹൂർത്തങ്ങൾ M-24 നെ മറ്റൊരു തലത്തിലെത്തിക്കുന്നു.
നിരവധി പുരസ്ക്കാരങ്ങൾ കരസ്ഥമാക്കിയ പാരിസ്ഥിതികചിത്രം "നല്ല വിശേഷ "ത്തിനു ശേഷം അജിതൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് M-24. നല്ലവിശേഷം അജിതന്റെ മൂന്നാമത്തെ ചിത്രമായിരുന്നു. നല്ല വിശേഷത്തിലെ നായക കഥാപാത്രത്തെ ശ്രദ്ധേയമാക്കിയ ശ്രീജി ഗോപിനാഥനാണ് മേജർ ശങ്കറിനെ അവതരിപ്പിക്കുന്നത്. മലയാളത്തിലെ പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ചിത്രത്തിലൊരു സുപ്രധാന വേഷമവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയും M-24-നുണ്ട്.
ശ്രീജി ഗോപിനാഥൻ, ബാദുഷ, ചന്ദ്രൻ നായർ , അജിത് ജി മണിയൻ, അനിൽ മുംബയ്, ജെറോം ഇടമൺ , സി കെ പ്രിൻസ്, നമിത കൃഷ്ണൻ , ടിന്റുമോൾ , ജയ ആർ, സ്നേഹ ഷാജി, സംഗീത ജയൻ നായർ എന്നിവരഭിനയിക്കുന്നു.
ബാനർ , നിർമ്മാണം - പ്രവാസി ഫിലിംസ്, കഥ, സംവിധാനം - അജിതൻ, തിരക്കഥ - അജിതൻ, ഉത്തുപറാത്ത്, ഛായാഗ്രഹണം - പ്രേമാനന്ദ് DFT, എഡിറ്റിംഗ് - സുജിത് സഹദേവ് , അശ്വിൻ ഗോപാൽ, ഗാനരചന - ശ്രീരേഖ പ്രിൻസ്, അനൂപ് സാഗർ, സംഗീതം - ജിജി തോംസൺ, ആലാപനം - മിഥില മൈക്കിൾ , ജിജി തോംസൺ, പ്രൊ.. എക്സി :- ജെറോം ഇടമൺ , ചമയം - കപിൽ പതക്, കല-സാബു എടപ്പാൾ, സഹസംവിധാനം - പ്രവീൺവിജയ്, സംവിധാനസഹായി - അനിഴം അജി, ഡിസൈൻസ് - സജീഷ് എം ഡിസൈൻസ്, സ്റ്റിൽസ് - പി ജി രാജീവ്, ഷോബി മൈക്കിൾ , പി ആർ ഓ - അജയ് തുണ്ടത്തിൽ .
0 അഭിപ്രായങ്ങള്‍