‘ഹിമബിന്ദു പൊഴിയും നിലാവിൽ, അതിലോലമൊഴുകുന്ന പുഴയിൽ...’ നിലാവുദിച്ചു നിൽക്കുന്ന രാത്രി യാമത്തിൽ ഇലത്തുമ്പിൽ വീണ മഞ്ഞുതുള്ളി തട്ടിക്കുടഞ്ഞ് നജിം അർഷാദ് പാടുന്ന ഗാനത്തിന് ഗൃഹാതുരത്വത്തിന്റെ മാധുര്യം. അമ്പത് കൊല്ലം മുൻപ് നജീമിന്റെ പിതാവ് ചിട്ടപ്പെടുത്തിയ ഈണത്തിൽ പാടിയിരിക്കുന്ന ഗാനത്തിന് നജീമിന്റെ മുതിർന്ന സഹോദരൻ ഡോ. അജിം ഷാദ് ആണ് വരികൾ കുറിച്ചത്. രണ്ടാമത്തെ സഹോദരൻ സജിം നൗഷാദ് പാട്ടിന്റെ മിക്സിങ് നിർവഹിച്ചു. ജോസി ആലപ്പുഴയുടെ പുല്ലാങ്കുഴൽ സംഗീതവും സുമേഷ് പരമേശ്വറിന്റെ ഗിറ്റാർ ഈണവും പാട്ടിന്റെ ഹൃദ്യത വർധിപ്പിച്ചിട്ടുണ്ട്.
നജീമിന്റെ ഉപ്പ തിരുമല ഷാഹിദ് വർഷങ്ങൾക്കു മുൻപ് ഈണം നൽകിയ ഈ പാട്ട് ഉപ്പയും ഉമ്മയും ചേർന്ന് നിരവധി വേദികളിൽ യുഗ്മഗാനമായി പാടുന്നത് കെട്ടിട്ടുണ്ടെന്ന് നജീം അഭിപ്രായപ്പെട്ടു. പഴയ കാലത്തുള്ളവർക്ക് പരിചിതനായ തിരുമല ഷാഹിദ് ആയിരങ്ങളുടെ മനം കവർന്ന ഗായകനായിരുന്നു.അദ്ദേഹം സംഗീതം നൽകിയ ഗാനങ്ങളിൽ പ്രധാനപ്പെട്ട ഒരെണ്ണവുമായി എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ മക്കളായ സഹോദരങ്ങൾ.ഈ വീഡിയോ തന്റെ മാതാവിനും പിതാവിനുമുള്ള ഉപഹാരമാണെന്നാണ് നജീം അഭിപ്രായപ്പെട്ടത്.
തന്റെ സംഗീതയാത്രയ്ക്ക് എന്നും തണലായി നിന്നത് മാതാപിതാക്കലാണെന്നും അത് കൊണ്ട് ഈ ഗാനം പുറത്തിറക്കുന്നതിൽ സന്തോഷം ഉണ്ടെന്നാണ് നജീം അഭിപ്രായപ്പെട്ടത്. “ഇത് സത്യത്തിൽ ഞങ്ങളുടെ കുടുംബത്തിന്റെ കൂട്ടായ്മയാണ്. ഉപ്പ ഈണം പകർന്ന പാട്ടിന്റെ വരികൾ ഒന്നു മാറ്റിയെഴുതി ഭംഗിയായാക്കുകയാണുണ്ടായത്. 1970കളിൽ ബാപ്പ കമ്പോസ് ചെയ്ത ഗാനം പുറത്തിറക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നെങ്കിലും അതിന് അന്ന് സാധിച്ചില്ല എന്നാൽ ഇന്ന് അദ്ദേഹത്തിന് ഒരു ഉപഹാരം നൽകാനാണ് മക്കളായ ഞങ്ങളുടെ എളിയ ശ്രമം". നജിം കൂട്ടിചേർത്തു.
0 അഭിപ്രായങ്ങള്‍