തിരുവനന്തപുരം : സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമി സംഘടിപ്പിച്ച ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിയായി തെരഞ്ഞെടുത്ത ഉഷ പയ്യന്നൂർ പുരസ്കാരം ഏറ്റുവാങ്ങി. കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കട, കാഥികനും തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകം സെക്രട്ടറിയുമായ അയിലം ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്ന് പുരസ്കാരം സമ്മാനിച്ചു . അക്കാദമി സെക്രട്ടറി ഡോ : ആർ. എസ്. പ്രദീപ് സംബന്ധിച്ചു.
കോവിഡ് സാഹചര്യത്തിൽ ഓൺലൈൻ ആയിട്ടായിരുന്നു ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. തിരുവനന്തപുരം തമ്പുരാൻമുക്കിലുള്ള അക്കാദമി ഓഫീസിൽ വച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു അവാർഡ് വിതരണം നടന്നത്.
ദി ഇൻവിസിബിൾ 19 , എന്റെ ഉസ്കൂൾ, ഫ്യൂച്ചർ ടെൻസ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ഉഷയ്ക്ക് പുരസ്കാരം. കോവിഡിനെ അടിസ്ഥാനമാക്കിയുള്ള ചിത്രങ്ങളാണ് ദി ഇൻവിസിബിൾ 19, ഫ്യൂച്ചർ ടെൻസ് എന്നിവ. പൊങ്ങച്ചം കാട്ടാനായി പൊതുവിദ്യാലയത്തിൽ നിന്നും സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലേയ്ക്ക് കുട്ടിയെ മാറ്റി ചേർക്കാൻ നിർബന്ധിക്കുന്ന അമ്മയെയാണ് എന്റെ ഉസ്കൂളിൽ ഉഷ അവതരിപ്പിച്ചത്. കണ്ണൂർ ജില്ലയിലെ പഴയങ്ങാടി താവം ദേവി വിലാസം എൽ. പി. സ്കൂൾ മാനേജ്മെന്റാണ് ചിത്രം നിർമിച്ചത്. ശശി കണ്ടോത്ത് ആണ് സംവിധാനം. മികച്ച ക്യാമ്പസ് ചിത്രത്തിനുള്ള പുരസ്കാരം ഈ ചിത്രത്തിന് ലഭിച്ചിരുന്നു.
ഫ്യൂച്ചർ ടെൻസിൽ ആരോഗ്യപ്രവർത്തകയുടെ വേഷമായിരുന്നു ഉഷയ്ക്ക്. സൂരജ് രവീന്ദ്രൻ ആണ് സംവിധായകൻ. ദി ഇൻവിസിബിൾ 19 ൽ ഇരട്ട കഥാപാത്രങ്ങളെ ഉഷ അവതരിപ്പിച്ചു. ഒരു ആരോഗ്യ പ്രവർത്തകയ്ക്ക് കോവിഡ് ബാധിച്ചപ്പോഴുള്ള ആത്മസംഘർഷവും കോവിഡിനെ ചെറുക്കുന്നതിനുള്ള ബോധവൽക്കരണവും രണ്ടു കഥാപാത്രങ്ങളിലൂടെ ഉഷ മികച്ചതാക്കി. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് ശശി കണ്ടോത്തും നിർമാണം അർജുൻ കമലും ആണ്.
നിരവധി നാടകങ്ങളിലും പത്തോളം സിനിമകളിലും ഉഷ അഭിനയിച്ചിട്ടുണ്ട്. നല്ലൊരു സാമൂഹ്യപ്രവർത്തക കൂടിയാണ് ഉഷ പയ്യന്നൂർ.
- റഹിം പനവൂർ (പി ആർ ഒ )
0 അഭിപ്രായങ്ങള്‍