മലബാർ ഫിലിം പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഷോർട്ട് മൂവിയുടെ ടൈറ്റിൽ പോസ്റ്റർ വിഖ്യാത ഹോളിവുഡ് സംഗീതസംവിധായകൻ ജോൺ അൾട്ട്മാൻ നിർവഹിക്കുന്നു. ഡിസംബർ 16 വൈകുന്നേരം 6മണിക്ക് (ലണ്ടൻ സമയം ഉച്ചയ്ക്ക് 12.30ന് ) തന്റെ ഫേസ്ബുക് പേജിലൂടെയാണ് ജോൺ അൾട്ടമാൻ പോസ്റ്റർ റിലീസ് ചെയ്യുന്നത്. ഇതാദ്യമായാണ് ഹോളിവുഡ് ഫിലിം ഇൻഡസ്ട്രിയിലെ ഒരു കലാകാരൻ മലയാളത്തിൽ നിന്നും ഒരു പോസ്റ്റർ റിലീസ് ചെയ്യുന്നത്.
ജെയിംസ് കാമറൂണിന്റെ ടൈറ്റാനിക് എന്ന പ്രശസ്ത ചലച്ചിത്രത്തിന്റെ തീം മ്യൂസിക്കിലൂടെ ഓസ്കാർ നോമിനേഷൻ നേടിയ സംഗീത സംവിധായകനാണ് ജോൺ അൾട്ട്മാൻ. എമ്മി പുരസ്‌കാരം, ASCAP ഫിലിം അവാർഡ്, BAFTA അവാർഡ്, TRIC അവാർഡ്, ബ്രിട്ടീഷ് ചലച്ചിത്ര സംഗീതത്തിനും രാജ്യന്തര ചലച്ചിത്ര സംഗീതത്തിനും നൽകിയ സംഭാവന പരിഗണിച്ച് അദ്ദേഹത്തിന് ഗോൾഡൻ ബാഡ്ജ് ഓഫ് എക്സലൻസ് നൽകി 2006ൽ ആദരിച്ചു. 2011ൽ ബ്രിട്ടീഷ് അക്കാഡമി ഓഫ് കമ്പോസേഴ്സ് ആൻഡ് സോങ് റൈറ്റേഴ്‌സ് ലൈഫ് ടൈം അച്ചീവ്മെന്റ് നൽകി ആദരിച്ചു. 2012ൽ University of Sussex ജോൺ അൾട്ട്മാന് ഡോക്ടറേറ് നൽകി ആദരിച്ചു. ലിറ്റിൽ വോയിസ് എന്ന ചിത്രത്തിലൂടെ ഗോൾഡൻ റീൽ നോമിനേഷൻ നേടി. മലയാളത്തിൽ ആകാശഗോപുരം എന്ന മോഹൻലാൽ സിനിമയുടെ സംഗീതം നിർവഹിച്ചതും ജോൺ അൾട്ട്മാനാണ്.
കഴിഞ്ഞ ആറുമാസത്തിനിടെ കേരളത്തില്‍ കുട്ടികളുടെയും കൗമാരക്കാരുടെയുമിടയിൽ ആത്മഹത്യ വന്‍തോതില്‍ വര്‍ദ്ധിച്ചുവെന്നു വ്യക്തമാക്കുന്നതാണ് 2020 ഒക്ടോബര്‍ 21ന് ഡി.ജി.പി ആര്‍ ശ്രീലേഖയുടെ നേതൃത്വത്തിലുള്ള സമിതി സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട്. ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ 31 വരെയുള്ള കാലയളവില്‍ 158 കുട്ടികളാണ് ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മാര്‍ച്ച് 23 മുതല്‍ സെപ്റ്റംബര്‍ ഏഴു വരെ 173കുട്ടികള്‍ ആത്മഹത്യ ചെയ്‌തെന്നുമാണ് സംസ്ഥാന പൊലീസിന്റെ കണക്ക്. ഒമ്പത് മുതല്‍ 18 വരെ പ്രായമുള്ളവര്‍ക്കിടയില്‍ ആത്മഹത്യ വര്‍ദ്ധിക്കുന്നതായും ഈ പഠനത്തില്‍ നിന്നും വ്യക്തമായിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ജീവന്റെ വിലയെക്കുറിച്ച് വ്യക്തമാക്കുന്ന സാമൂഹിക പ്രതിബദ്ധതയുള്ള ഹ്രസ്വചിത്രമാണ് മലബാർ ഫിലിം പ്രൊഡക്ഷൻസ് അണിയിച്ചൊരുക്കുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും അജികുമാർ നിർവ്വഹിക്കുന്നു. ഛായാഗ്രഹണം: ചരൺ സി രാജ്, ചിത്രസന്നിവേശം മനോജ് നന്ദാവനം. ഡോ. സ്മിതാ പിഷാരടഡിയുടെ ഗാനങ്ങൾക്ക് ജയൻ പിഷാരഡി ഈണം പകരുന്നു. പ്രൊഡക്ഷൻ കൺട്രോളർ: രാജേഷ് ഇയ്യക്കാട്. ഡിസംബർ 21ന്ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ താര നിർണയം നടന്നുവരുന്നു.
0 അഭിപ്രായങ്ങള്‍