കോവിഡ് ബാധിച്ച് ഒരാഴ്ചയിലധികം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി (98) അന്തരിച്ചു. കോവിഡ് നെഗറ്റീവായി വീട്ടിലേക്ക് മടങ്ങിയിരുന്നെങ്കിലും ആരോഗ്യനില മോശമായതോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പയ്യന്നൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
ജയരാജ് സംവിധാനം ചെയ്ത് 1996-ൽ പുറത്തിറങ്ങിയ ദേശാടനം എന്ന ചിത്രത്തിലൂടെ 76-ാം വയസ്സിലാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. മമ്മൂട്ടി നായകനായെത്തിയ ഒരാൾ മാത്രം, സുരേഷ് ഗോപിയുടെ കളിയാട്ടം, ദിലീപ്, ജയറാം, ശാലിനി തുടങ്ങിയവർ പ്രധാനവേഷങ്ങളിലെത്തിയ കൈക്കുടന്ന നിലാവ് തുടങ്ങിയ സിനിമകളിലെല്ലാം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഷാഫി സംവിധാനം ചെയ്ത ദിലീപ് ചിത്രം കല്ല്യാണരാമനിലെ മുത്തച്ഛനെ മലയാളികൾ വേഗം മറക്കില്ല.
ചന്ദ്രമുഖി, പമ്മൽ കെ സംബന്ധം, കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ തുടങ്ങിയ തമിഴ് സിനിമകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. മരുമകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി സംവിധാനം ചെയ്ത മഴവില്ലിനറ്റം വരെയാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി അഭിനയിച്ച അവസാനസിനിമ.
0 അഭിപ്രായങ്ങള്‍