ഗുരുവിന്റെ ഈണത്തിൽ ആറു വയസുകാരി ശിഷ്യ "ഹരിവരാസനം വിശ്വമോഹനം" എന്ന അയ്യപ്പാഷ്ടകം പാടി.
ഇന്ത്യയിലെ ഏക മതമൈത്രി കർണ്ണാടക സംഗീതജ്ഞനായ ഡോ: വാഴമുട്ടം ബി. ചന്ദ്രബാബു ആണ് ഗുരു. അമൃത മനേഷ് ആണ് ശിഷ്യ. കുന്നോത്ത് ജാനകിഅമ്മ രചിച്ച ഹരിവരാസനം എന്ന പ്രസിദ്ധമായ വരികൾ ചന്ദ്രബാബു മോഹന രാഗത്തിൽ ചിട്ടപ്പെടുത്തിയാണ് കൊച്ചു ശിഷ്യയായ അമൃതയെക്കൊണ്ട് പാടിപ്പിച്ചത്. മൂന്നു വയസ്സു മുതൽ ചന്ദ്രബാബുവിന്റെ കീഴിൽ അമൃത സംഗീതം അഭ്യസിക്കുന്നുണ്ട്. തിരുവനന്തപുരം ചിന്മയ വിദ്യാലയത്തിൽ ഒന്നാം ക്ലാസ്സിലാണ് അമൃത പഠിക്കുന്നത്. തിരുവല്ലത്താണ് താമസം. അച്ഛൻ മനേഷ് നിയമസഭയിൽ അസിസ്റ്റന്റും അമ്മ അനുരാധ വീട്ടമ്മയുമാണ്.
ശബരിമല സന്നിധാനത്ത് വൃശ്ചികം ഒന്നിന് ചന്ദ്രബാബു സംഗീത സദസ്സ് അവതരിപ്പിച്ചിട്ടുണ്ട്. ആറ്റുകാൽ ക്ഷേത്ര സന്നിധിയിൽ തുടർച്ചയായ 23 വർഷങ്ങളായി എല്ലാ പുതുവത്സരദിനത്തിലും പുതുവത്സര സംഗീതോത്സവം അമ്പതില്പരം ശിഷ്യരോടൊപ്പം ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ആൾ ഇന്ത്യ റേഡിയോയിൽ ബി ഹൈ മ്യൂസിക് ഡയറക്ടറായ ഇദ്ദേഹം മലയാളം, തമിഴ് സിനിമകളിൽ സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട് . കേരളത്തിലെ 14 ജില്ലകളിലും വിവിധ സംസ്ഥാനങ്ങളിലും വിദേശങ്ങളിലുമായി 185 ഓളം മതമൈത്രി കർണാടക സംഗീത കച്ചേരികൾ ഇദ്ദേഹം നടത്തിയിട്ടുണ്ട് . സ്വദേശത്തും വിദേശത്തുമായി ചന്ദ്രബാബുവിന് നൂറുകണക്കിന് ശിഷ്യസമ്പത്തുണ്ട് . ജാസിഗിഫ്റ്, രാകേഷ് ബ്രഹ്മാനന്ദൻ, ഇഷാൻ ദേവ്, അൻവർ സാദത്ത്, ലക്ഷ്മി ജയൻ, ദീ ക്ഷ്, ആനന്ദ് ഗോപിനാഥ്, അജയ് തിലക്, ശർമ, മാധവ്, ജേക്കബ്, പ്രവീൺ ശ്രീനിവാസ് തുടങ്ങിയ പ്രശസ്തർ ഇദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്. രണ്ടു പുസ്തകങ്ങളും ചന്ദ്രബാബു എഴുതിയിട്ടുണ്ട് . 75 ൽ പരം സംഗീത ആൽബങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട് . നൂറിൽപ്പരം മത മൈത്രി കീർത്തനങ്ങളും പത്ത് വർണ ങ്ങളും ചന്ദ്രബാബു രചിച്ചിട്ടുണ്ട്. 15 മണിക്കൂർ തുടർച്ചയായി മതമൈത്രി സംഗീത സദസ് നടത്തി ശ്രദ്ധ നേടിയ ചന്ദ്രബാബു ഇസ്ലാം -ക്രിസ്ത്യൻ കച്ചേരികൾ രണ്ടര മണിക്കൂർ വീതം അവതരിപ്പിക്കുന്ന ഏക സംഗീതജ്ഞനാണ്.
-റഹിം പനവൂർ
0 അഭിപ്രായങ്ങള്‍