കൊച്ചി: മലയാളം കാത്തിരിക്കുന്ന സംഗീത കൂട്ടായ്മ വരുന്നു- ദേര ഡയറീസിലൂടെ. യുവസംഗീത കൂട്ടായ്മയില്‍ നിന്നും പിറവിയെടുത്ത മനോഹരമായ ഗാനങ്ങള്‍ ദേര ഡയറീസിന്റെ പ്രത്യേകതയാണ്.
ഗാനങ്ങളെഴുതിയ ജോപോള്‍, വരികളുടെ ആത്മാവറിഞ്ഞ് സംഗീതം നല്കിയ സിബു സുകുമാരന്‍, വാക്കുകളുടേയും സംഗീതത്തിന്റേയും അര്‍ഥവ്യാപ്തിയെ ശബ്ദത്തിന്റെ മനോഹര പല്ലക്കിലേറ്റി ആസ്വാദക ഹൃദയങ്ങളിലേക്ക് ആവാഹിക്കുന്ന വിജയ് യേശുദാസ്, നജീം അര്‍ഷാദ്, കെ എസ് ഹരിശങ്കര്‍, ആവണി എന്നിവര്‍ മലയാള ചലച്ചിത്രഗാന ശാഖയ്ക്ക് മുതല്‍ക്കൂട്ടാകുന്ന തരത്തിലാണ് പാട്ടുകള്‍ പാടിയിരിക്കുന്നത്.
ജീവിതത്തിരക്കിന്റെ പെരുംപാച്ചിലുകള്‍ക്കിടയിലും സംഗീതത്തെ നെഞ്ചേറ്റുന്ന പ്രവാസി സമൂഹത്തിലെ ഒരുപിടി ആളുകള്‍ക്കു മുമ്പില്‍ പാടിയവതരിപ്പിക്കുന്ന 'ശരറാന്തലേ' എന്നു തുടങ്ങുന്ന ഗാനം ദേര ഡയറീസിന്റെ ആത്മാവാണ് പ്രകാശിപ്പിക്കുന്നത്. ആധുനിക മലയാള സിനിമയ്ക്ക് പലപ്പോഴും കൈമോശം വന്ന അര്‍ഥവത്തായ വരികളാണ് ഈ ഗാനത്തിലൂടെ ജോപോള്‍ തിരികെ പിടിക്കുന്നത്. വരികളുടെ അര്‍ഥത്തിലേക്ക് ഒഴുകിയിറങ്ങുന്ന സിബു സുകുമാരന്റെ സംഗീതത്തെ ഹരിശങ്കര്‍ തന്റെ മനോഹരമായ ശബ്ദത്തിലൂടെ അനുവാചകരുടെ ഹൃദയത്തില്‍ ചേര്‍ത്തുവെക്കുന്നു.
ഡിയര്‍ കോമ്രേഡ് എന്ന സിനിമയിലെ മധുപോലെ പെയ്ത മഴയില്‍ എന്ന വരികള്‍ മാത്രം മതിയാകും ജോപോളിന്റെ തൂലികയുടെ മാന്ത്രികസ്പര്‍ശം തിരിച്ചറിയാന്‍. ദേര ഡയറീസിന് വേണ്ടി ജോപോള്‍ രചിച്ച ഗാനങ്ങളും അത്രയേറെ ഹൃദയം തൊടുന്നവയാണ്.
വിജയ് യേശുദാസ് ആലപിച്ച സായാഹ്ന മേഘം, നജീം അര്‍ഷാദും ആവണിയും ചേര്‍ന്നു പാടിയ മിന്നണിഞ്ഞ രാവില്‍ എന്നീ ഗാനങ്ങള്‍ വ്യത്യസ്തമായ അനുഭവങ്ങളിലൂടെയാണ് ശ്രോതാക്കളെ കൊണ്ടുപോവുക. ഇതിനകം യൂട്യൂബില്‍ റിലീസ് ചെയ്ത മൂന്നു പാട്ടുകളും സംഗീത പ്രേമികളുടെ ഇഷ്ടഗാനങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചു കഴിഞ്ഞു.
അറ്റ് വണ്‍സ് എന്ന ചിത്രത്തിന് സംഗീതം നല്കി മലയാള സിനിമാ ഗാനരംഗത്തേക്ക് പ്രവേശിച്ച സിബു സുകുമാരന്‍ മലയാളത്തിന് നല്കുന്ന ഏറ്റവും മികച്ച ഗാനങ്ങളില്‍ ഉള്‍പ്പെടുന്നതായിരിക്കും ദേരാ ഡയറീസിലെ ഗാനങ്ങള്‍. സിബു സുകുമാരന്‍ തന്നെയാണ് ദേരാ ഡയറീസിന്റെ പശ്ചാതല സംഗീതവും ഒരുക്കിയത്.
പൂര്‍ണമായും യു എ ഇയില്‍ ചിത്രീകരിച്ച ദേരാ ഡയറീസ് നവാഗതനായ മുഷ്താഖ് റഹ്മാന്‍ കരിയാടനാണ് രചനയും സംവിധാനവും നിര്‍വഹിച്ചത്. എം ജെ എസ് മീഡിയയുടെ ബാനറില്‍ ഫോര്‍ അവര്‍ ഫ്രന്റ്‌സിനു വേണ്ടി മധു കറുവത്ത് നിര്‍മിച്ച ദേര ഡയറീസ് മാര്‍ച്ച് 19ന് റിലീസാകും.
0 അഭിപ്രായങ്ങള്‍