ഇന്ത്യയുടെ സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു പ്രൊഡക്ഷൻ കൺട്രോളറോടുള്ള ഇഷ്‌ടത്തിൽ നിന്ന് രൂപം കൊണ്ട കൂട്ടായ്‌മയായ ‘ബാദുഷ ലൗവേഴ്‌സ്’ (ബാദുഷാ ലൗവ്വേഴ്‌സ്) അതിന്റെ ഒന്നാം വാർഷികം ‘മീറ്റപ്പ് 2021′ എന്ന പേരിൽ എറണാകുളത്ത് ആഘോഷിച്ചു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 70ലധികം പ്രവർത്തകർ പങ്കെടുത്ത ‘മീറ്റപ്പ് 2021′ വൈഎംസിഎ ഹാളിലാണ് സംഘടിപ്പിച്ചത്. ചടങ്ങിൽ ബാദുഷ അക്കാദമിയുടെ ഔദ്യോഗിക പ്രഖ്യാപനവും സ്വദേശത്തും വിദേശത്തുമായി 17 സ്‌ഥലങ്ങളിൽ അക്കാദമിക്ക് പ്രവർത്തിക്കാനുള്ള അംഗീകാരവും നൽകി.
ബാദുഷ അക്കാദമി എന്നത് സിനിമയുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലേക്കുള്ള ചവിട്ടുപടിയായാണ് ആസൂത്രണം ചെയ്‌തിരിക്കുന്നത്. കോവിഡ് പ്രതിസന്ധികാലത്ത് വിശക്കുന്നവർക്ക് ഭക്ഷണമെത്തിക്കാൻ രൂപംകൊണ്ട ‘കോവിഡ് കമ്മ്യൂണിറ്റി കിച്ചൺ’ എന്ന ‘സിനിമാ കിച്ചൺ’ മുതൽ ദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യഭ്യാസത്തിനുള്ള സഹായമെത്തിക്കൽ, ചികിൽസാ സഹായം നൽകൽ തുടങ്ങി ഒട്ടനവധി സാമൂഹിക വിഷയങ്ങളിൽ ചെറുതല്ലാത്ത സംഭാവനകൾക്ക് നേതൃത്വം നൽകുന്ന ബാദുഷ ലൗവേഴ്‌സിന്റെ പുതിയ ചുവടുവെപ്പാണ് ബാദുഷ അക്കാദമി.
സാമൂഹിക മാദ്ധ്യമപേജിൽ ഏഴായിരത്തിലധികം ഫോളോവേഴ്‌സുള്ള കൂട്ടായ്‌മയാണിന്ന് ‘ബാദുഷ ലൗവേഴ്‌സ്’. സിനിമക്ക് അകത്തും പുറത്തുമുള്ള, സമൂഹത്തിനായി എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നവർ നൽകുന്ന സഹായങ്ങൾ ഏകോപിപ്പിച്ചും ബാദുഷയുടെ സ്വന്തം വരുമാനത്തിലെ ഒരു വിഹിതം മാറ്റിവെച്ചുമാണ് പ്രവർത്തനങ്ങൾക്കുള്ള ഊർജം കണ്ടെത്തുന്നത്.
‘അത്യവശ്യക്കാരായ ഒരാളെയെങ്കിലും ഒരുദിവസം സഹായിക്കാൻ സാധിക്കുക എന്നതാണ് ബാദുഷ ലൗവേഴ്‌സ് ലക്ഷ്യം വെക്കുന്നത്‘ മുഖ്യ കോ-ഓർഡിനേറ്ററും മലയാള സിനിമയിലെ പിആർഒയുമായ ശിവപ്രസാദ് പറഞ്ഞു. ചടങ്ങ് എൻ.എം ബാദുഷ ഉദ്ഘാടനം ചെയ്തു.കോർഡിനേറ്റർമാരായ അസ്ലം പുല്ലേപ്പടി, ഹമദ് ബിൻ ബാബ, രാജ എസ് കരീം, റഫീക്ക് അരൂർ, നവാസ് ചന്തിരൂർ, ജിനു വി നാഥ്, ജിത്ത് പിരപ്പൻങ്കോട്, ആചാരി ഗോവിന്ദ്, മഞ്ജു ബാദുഷ തുടങ്ങിയവർ സംസാരിച്ചു.കേരളത്തിലെ വിവിധ ഇടങ്ങളിലുള്ള സ്ഥാപനങ്ങൾക്കുള്ള അക്കാദമി അംഗീകാരം നൽകിയ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യലും മീറ്റപ്പിൽ നടന്നു. വൈഎംസിഎ ഹാളിൽ ഉച്ചക്ക് രണ്ടരക്ക് ആരംഭിച്ച ‘മീറ്റപ്പ് 2021′ രാത്രിയോടെ അവസാനിച്ചു
0 അഭിപ്രായങ്ങള്‍