സോഹൻ റോയ് - വിജീഷ് മണി ടീം ഒരുക്കുന്ന "ആദിവാസി "


    ആദിവാസി യുവാവ് 'മധു'വിന്റെ മുടുക ഗോത്ര ഭാഷയിൽ, വിശപ്പ് പ്രമേയമായി "ആദിവാസി"( ദി ബ്ലാക്ക് ഡെത്ത് ) എന്ന പേരിൽ സിനിമ ഒരുക്കുകയാണ് സോഹൻ റോയ്-വിജീഷ് മണി ടീം. 

   ഓസ്കാർ ചുരുക്കപ്പട്ടികയിലും, പാരീസ് ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ഫിലിം ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ 'മ് മ് മ് ( സൗണ്ട് ഓഫ് പെയിൻ) ' എന്ന സിനിമയ്ക്ക് ശേഷം  സോഹൻ റോയ്,വിജീഷ് മണി വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് " ആദിവാസി " ( ദി ബ്ലാക്ക് ഡെത്ത് ).

 ഏരീസ് ഗ്രൂപ്പിന്റെ ബാനറിൽ കവിയും ഹോളിവുഡ് സംവിധായകനുമായ ഡോ. സോഹൻ റോയ് നിർമ്മിയ്ക്കുന്ന ഈ ചിത്രം വിജീഷ് മണി സംവിധാനം ചെയ്യുന്നു.

  മൂന്നര വർഷം മുൻപാണ് കേരളീയ മനസ്സാക്ഷിയെ ഉലച്ച മധുവിന്റെ മരണം നടന്നത്.വിശപ്പിന്റെ പേരിൽ സംഭവിച്ച ഈ ദുരന്തത്തെ ആസ്പദമാക്കി 'യാത്രാമൊഴി' എന്ന പേരിൽ സോഹൻ റോയ് എഴുതിയ കവിത കേരളീയ സമൂഹം ഏറ്റെടുത്തിരുന്നു. അതുകൊണ്ട് തന്നെയാണ് ഈ ചിത്രം സിനിമയാക്കാൻ തനിക്കുണ്ടായ പ്രചോദനമെന്ന് സോഹൻ റോയ് പറഞ്ഞു. 

" വിശപ്പ് "എന്നത് ഒരു ആഗോള വിഷയമാണ്. ലോകത്ത് ഏതൊരു മനുഷ്യനും അത് ഒരുപോലെയാണ്.വർണ്ണ വെറി മുതൽ അടിച്ചമർത്തപ്പെട്ടവരുടെ സാമൂഹിക ജീവിതം വരെയുള്ള നിരവധി വിഷയങ്ങളും ഇതിനോട് ബന്ധപ്പെട്ടുകിടക്കുന്നു. അതുകൊണ്ടു തന്നെ മധുവിന് മരണമില്ല. ഇത്തരം നിരവധി ജീവിതങ്ങൾ നമുക്കുചുറ്റും ഇപ്പോഴും അടിച്ചമർത്തപ്പെടുകയും മരണമടയുകയും ചെയ്യുന്നു.അതു തന്നെയാണ് ഈ സിനിമക്കുള്ള പ്രചോദനം.

" വളരെ ഗൗരവമുള്ള പ്രമേയങ്ങളാണ് എന്നും വിജീഷ് മണി സംവിധാനം ചെയ്ത് ശ്രദ്ധ നേടിയിട്ടുള്ളത്.ഞങ്ങൾ നിർമ്മിച്ച 'മ് മ് മ് ' ( സൗണ്ട് ഓഫ് പെയിൻ) എന്ന സിനിമ,കൃത്യമായ പ്രമേയാവതരണത്തോടെ പറഞ്ഞ സമയത്ത് തന്നെ വിജീഷ് മണി പൂർത്തിയാക്കി തന്നു. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര മാനം കൈവരുന്ന ഈയൊരു പ്രമേയവും വളരെയധികം ഭംഗിയായി വിജീഷ് ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട് ". സോഹൻ റോയ് പറഞ്ഞു.

   വിശപ്പും,വർണ്ണ വിവേചനവും,പരിസ്ഥിതി പ്രശ്നങ്ങളും,കാലാവസ്ഥ വ്യതിയാനവും ഇതിവൃത്തമാവുന്ന "ആദിവാസി"യുടെ പ്രൊഡക്ഷൻ ഹൗസ് അനശ്വര ചാരിറ്റബിൾ ട്രസ്റ്റാണ്.പി മുരുഗേശ്വരൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റിംങ്ങ്-ബി ലെനിൻ,സംഭാഷണം-എം. തങ്കരാജ്,ഗാനരചന- ചന്ദ്രൻ മാരി,ചീഫ് അസോസിയേറ്റ് ഡയറക്ടർ-മാരുതി ക്രിഷ്, ആർട്ട് ഡയറക്ടർ- കൈലാഷ്,മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂർ, കോസ്റ്റ്യൂമർ-ബുസി ബേബിജോൺ.

ഒക്ടോബറിൽ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ പ്രധാന നടനോടൊപ്പം ആദിവാസി കലാകാരൻമാരും അണിനിരക്കുന്നു.

   ബാഹുബലിയുടെ തിരക്കഥാകൃത്ത് വിജയേന്ദ്ര പ്രസാദിന്റെ തിരക്കഥയിൽ വിജീഷ് മണി സംവിധാനം ചെയ്യുന്ന ഇന്ത്യൻ ഭാഷകളിലും,ചൈനീസ് ഭാഷയിലുമായി അടുത്ത വർഷം ആരംഭിക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങളും പുരോഗമിക്കുന്നുണ്ട്. വാർത്ത പ്രചരണം-എ എസ് ദിനേശ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍